ന്യൂദൽഹി- പ്രധാനമന്ത്രിക്ക് താൻ മുപ്പത്തിരണ്ട് കത്തുകൾ അയച്ചുവെന്നും എന്നാൽ ഒന്നിന് പോലും ഇതേവരെ മറുപടി ലഭിച്ചിട്ടില്ലെന്നും അണ്ണാ ഹസാരെ. താൻ അയച്ച കത്തുകളിൽ പത്തെണ്ണം ലോക്പാൽ ബില്ലിനെ പറ്റിയായിരുന്നുവെന്നും അണ്ണാ ഹസാരെ പറഞ്ഞു. ഇതിന് പുറമെ, കർഷകരുടെയും കാർഷിക ഭൂമിയുടെയും വിഷയവും കത്തിൽ സൂചിപ്പിച്ചിരുന്നെങ്കിലും എന്നാൽ ഒരു കത്തിന് പോലും മോഡിയോ അദ്ദേഹത്തിന്റെ ഓഫീസോ മറുപടി നൽകിയിട്ടില്ലെന്നും ഹസാരെ വ്യക്തമാക്കി.
ഞാൻ പ്രധാനമന്ത്രിക്ക് സ്ഥിരമായി കത്തുകളെഴുതി കൊണ്ടിരിക്കുന്നു. വലിയ ജോലിഭാരം മൂലമായിരിക്കാം താങ്കൾക്ക് മറുപടി നൽകാൻ പറ്റാത്തത്. അല്ലെങ്കിൽ ഈഗോയുടെ തുറമുഖത്തായിരിക്കും താങ്കൾ. ഖജുരാഹോയിൽ രണ്ടു ദിവസത്തെ ദേശീയ ജല സമ്മേളനത്തിൽ പങ്കെടുക്കവേ ഹസാരെ പറഞ്ഞു.
സർക്കാറിന്റെ നയത്തിനെതിരെ മാർച്ച് 23 മുതൽ സമരം തുടങ്ങുമെന്നും ഹസാരെ പറഞ്ഞു.
ലോക്പാൽ ബിൽ സമ്പൂർണ്ണമായി നടപ്പാക്കുന്നത് വരെയും കർഷക ലോണുകൾ എഴുതിത്തള്ളുന്നത് വരെയും സമരം അവസാനിപ്പിക്കില്ലെന്നും അണ്ണാ ഹസാരെ മുന്നറിയിപ്പ് നൽകി.