ന്യൂദൽഹി- ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള നാമനിർദേശ പത്രിക രാഹുൽ ഗാന്ധി സമർപിച്ചു. ഇതോടെ പാർട്ടിയുടെ പൂർണ ചുമതല രാഹുൽ ഏറ്റെടുക്കുന്നത് സംബന്ധിച്ച ഊഹാപോഹങ്ങൾക്കു വിരാമമായി. നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം വൈകീട്ടോടെ പുതിയ അധ്യക്ഷനായി രാഹുലിനെ തെരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടാകും. ഏറ്റവും കൂടുതൽ കാലം കോൺഗ്രസിന്റെ അധ്യക്ഷ പദവി വഹിച്ച അമ്മ സോണിയാ ഗാന്ധിയുടെ പിൻഗാമിയായാണ് പാർട്ടിയുടെ പൂർണ നിയന്ത്രണം രാഹുൽ ഏറ്റെടുക്കുന്നത്. 1998ലാണ് സോണിയ കോൺഗ്രസ് അധ്യക്ഷയായത്.
പാർട്ടിയുടെ തലമുതിർന്ന നേതാക്കളായ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മുൻ രാഷ്ട്രപതി പ്രണബ് മുഖർജി മറ്റു നേതാക്കൾ എന്നിവരുമായി ഹ്രസ്വ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാഹുൽ പത്രിക സമർപ്പിച്ചത്. മൊത്തം 70 പത്രികകളാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓരോ പ്രദേശ് കമ്മിറ്റികളും രണ്ടു സെറ്റു പത്രികകൾ സമർപ്പിക്കും. മുതിർന്ന ചില നേതാക്കളും പത്രിക നൽകിയിട്ടുണ്ട്. നിലവിൽ രാഹുലിന്റെ സ്ഥാനക്കയറ്റത്തെ എതിർത്ത ഒരേ ഒരാൾ കോൺഗ്രസ് പ്രവർത്തകനായ ഷഹ്‌സാദ് പൂനവാലയാണ്. പാർട്ടി പ്രതിനിധിയല്ലാത്തതിനാൽ അദ്ദേഹത്തിന് മത്സരിക്കാനാവില്ല.