ന്യൂദല്‍ഹി- സൗദി അറേബ്യയില്‍ മുസ്ലിമെന്ന് തെറ്റിദ്ധരിച്ച് ഹിന്ദുവിനെ ഖബറടക്കിയ സംഭവത്തില്‍ ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകണമെന്ന് ദല്‍ഹി ഹൈക്കോടതി.
ഭര്‍ത്താവിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ ഇന്ത്യയിലെത്തിച്ച് ആചാര പ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിധവ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്. അടുത്ത വാദം കേള്‍ക്കലില്‍ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകണം.
ഹരജിയുമായി ബന്ധപ്പെട്ട് ഇതുവരെ എന്തു നടപടികള്‍ സ്വകീരിച്ചുവെന്ന സ്റ്റാറ്റസ് റിപ്പോര്‍ട്ട് ഹാജരാക്കാനും ജസ്റ്റിസ് പ്രതിഭാ എം. സിംഗ് വിദേശ മന്ത്രാലയത്തിനുവേണ്ടി ഹാജരായ അഭിഭാഷകനോട് നിര്‍ദേശിച്ചു. കേസില്‍ വിദേശമന്ത്രാലയം സ്വീകരിച്ച നിലപാടിനോട് അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടാണ് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ടുമായി മാര്‍ച്ച് 18ന് വ്യാഴാഴ്ച നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടത്. മന്ത്രാലയം പത്തുദിവസം സമയം ചോദിച്ചെങ്കിലും കോടതി അനുവദിച്ചില്ല.
സൗദി അറേബ്യയിലെ ജോലി സ്ഥലത്ത് ജനുവരി 24 നാണ് സഞ്ജീവ് കുമാര്‍ എന്നയാള്‍ മരിച്ചത്. പ്രമേഹ രോഗി കൂടിയായിരുന്ന ഇദ്ദേഹം ഹൃദാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്.
23 വര്‍ഷം സൗദിയില്‍ ജോലി ചെയ്ത ഇദ്ദേഹത്തിന്റെ മൃതദേഹം ജിസാനിലെ ബീശ് ജനറല്‍ ഹോസ്പിറ്റലിലെ മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരുന്നത്. ഭാര്യയെ പ്രതിനിധീകരിച്ച അഭിഭാഷകരായ സുഭാഷ് ചന്ദ്രന്‍, യോഗ് മായ കെ.ജി എന്നിവര്‍ കോടതിയില്‍ ഹാജരായി. മരണ വിവരമറിഞ്ഞ ബന്ധുക്കള്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനാണ് ആവശ്യപ്പെട്ടിരുന്നതെന്ന് ഭാര്യ നല്‍കിയ ഹരജിയില്‍ വ്യക്തമാക്കി. നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി സമ്മത പത്രം നല്‍കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജനുവരി 28ന് തന്നെ പവര്‍ ഓഫ് അറ്റോണി നല്‍കി. എന്നാല്‍ മൃതദേഹം സൗദിയില്‍ മറവു ചെയ്തുവെന്ന വിവരമാണ് ഫെബ്രുവരി 28ന് ലഭിച്ചത്.
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഔദ്യോഗിക ട്രാന്‍സ്ലേറ്റര്‍ക്ക് സംഭവിച്ച അബദ്ധമാണ് ഇതിനു കാരണമെന്ന് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചതായും ഭാര്യ നല്‍കിയ ഹരജിയില്‍ പറയുന്നു. മരണ സര്‍ട്ടിഫിക്കറ്റില്‍ മതം എഴുതുന്നിടത്ത് ഹിന്ദു എന്നതിനു പകരം മുസ്ലിം എന്നു ചേര്‍ക്കുകയായിരുന്നു. അബദ്ധം സംഭവിച്ചതിന് ട്രാന്‍സ്ലേറ്റിംഗ് ഏജന്‍സ് ക്ഷമാപണക്കത്ത് അയക്കുകയും ചെയ്തിരുന്നു.
സഞ്ജീവ് കുമാറിന്റെ മൃതദേഹം സൗദി അറേബ്യയില്‍ സംസ്‌കരിക്കുന്നതിന് താനോ കുടുംബത്തിലെ മറ്റാരെങ്കിലുമോ അനുമതി നല്‍കിയിട്ടില്ലെന്നും ഹരജിക്കാരി കോടതിയില്‍ ബോധിപ്പിച്ചു. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ സൗദി അധികൃതരെ കാര്യം ബോധ്യപ്പെടുത്തി മൃതദേഹാവശിഷ്ടങ്ങള്‍ ഇന്ത്യയിലെത്തിച്ച് മതാചാരപ്രകാരം സംസ്‌കരിക്കുന്നതിന് സൗകര്യം ഒരുക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
എന്നാല്‍ കോണ്‍സുലേറ്റിന്റെ ഭാഗത്തുനിന്ന് ഇനിയും നടപടികളില്ലാത്തത് ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും മൃതദേഹം പുറത്തെടുത്ത് ഇന്ത്യയില്‍ എത്തിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ഹരജിയില്‍ പറഞ്ഞു.