റിയാദ്- സൗദി അറേബ്യയിലെ ഖമീസ് മുശൈത്തിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച് ഹൂത്തികള്‍ അയച്ച ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തു.
ചെവ്വാഴ്ച രാവിലെയാണ് സംഭവം. ഭീകരരുടെ ആക്രമണങ്ങളില്‍നിന്ന് സിവിലിയന്‍ കേന്ദ്രങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് സഖ്യ സേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.
തിങ്കളാഴ്ച രാവിലെ യെമനില്‍നിന്ന് ഹൂത്തികള്‍ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തിരുന്നു. സൗദിയുടെ തെക്കന്‍ അതിര്‍ത്തിയില്‍ ജനവാസമില്ലാത്ത പ്രദേശത്താണ് രണ്ട് മിസൈലുകളും വീണതെന്ന് അറബ് സഖ്യം പറഞ്ഞു. യെമനിലെ വടക്കുപടിഞ്ഞാറന്‍ പട്ടണമായ സആദയില്‍നിന്നാണ് മിസൈലുകള്‍ തൊടുത്തിരുന്നത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി സൗദിക്കുനേരെ ഹൂത്തികള്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ശക്തമാക്കിയിരിക്കയാണ്. സഖ്യസേന യെമനില്‍ നടത്തുന്ന മുന്നേറ്റമാണ് ഇതിനൊരു കാരണമായി പറയുന്നത്. സൗദി ലക്ഷ്യമിട്ട് ഹൂത്തുകള്‍ നടത്തുന്ന ആക്രമണങ്ങളെ ലോക രാജ്യങ്ങള്‍ പരക്കെ അപലപിച്ചു.