ന്യൂദല്‍ഹി- കോടികള്‍ വായ്പയെടുത്ത കോര്‍പറേറ്റ് കമ്പനികള്‍ പണം തിരിച്ചടക്കാത്തത് വലിയ തലവേദനയായി തുടരുമ്പോഴും പൊതുമേഖലാ ബാങ്കുകള്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മാത്രം എഴുതിത്തള്ളിയത് 55,356 കോടി രൂപയുടെ കിട്ടാക്കടം.
സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ബാങ്കുകള്‍ തങ്ങളുടെ ബാലന്‍സ് ഷീറ്റുകളില്‍ നടത്തിയ ശുദ്ധികലശത്തിന്റെ ഭാഗമായാണ് വായ്പാ തിരിച്ചടവ് തെറ്റിച്ചവര്‍ക്കുള്‍പ്പെടെ ഈ ഇളവ് വാരിക്കോരി നല്‍കിയിരിക്കുന്നത്. 2017-18 സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ ആറു മാസത്തെ കണക്കുകള്‍ മാത്രമാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേകാലയളവില്‍ എഴുതിത്തള്ളിയ കിട്ടാക്കടത്തിന്റെ ഇരട്ടിയോളം വരുമിത്.
വായ്പാ തിരിച്ചടവ് തെറ്റിച്ച കോര്‍പറേറ്റ് കമ്പനികള്‍ക്കെതിരെ നടപടികളെടുക്കാന്‍ ബാങ്കുകള്‍ പാടുപെടുന്നതിനിടെയാണിത്. കമ്പനികളില്‍ കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ പണം തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ ശ്രമങ്ങള്‍ വേണ്ടത്ര വിജയം കണ്ടിട്ടില്ല. 2016-17 സാമ്പത്തിക വര്‍ഷം ബാങ്കുകള്‍ എഴുതി തള്ളിയത് 77,123 കോടി രൂപയുടെ കിട്ടാക്കടമാണ്. നടപ്പു സാമ്പത്തിക വര്‍ഷം ആറു മാസം പിന്നിട്ടപ്പോഴേക്ക് 55,356 കോടി എഴുത്തള്ളി. ഇതോടെ ഈ വര്‍ഷവും കോടികളുടെ കിട്ടാക്കടം എഴുത്തള്ളല്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുമമെന്ന് ഉറപ്പായി.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ പൊതുമേഖലാ ബാങ്കുകള്‍ 3,60,000 കോടി രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളിയതായാണ് കണക്കുകള്‍. വരവ് ചെലവ് കണക്കുകളില്‍ ശുദ്ധികലശം നടത്തുന്നതിന്റെ ഭാഗമായി എല്ലാവര്‍ഷവും ബാങ്കുകള്‍ ചെയ്യുന്ന പ്രക്രിയയാണ് ഈ എഴുതിത്തള്ളലെന്ന് നേരത്തെ റിസര്‍വ് ബാങ്ക് വിശദീകരണം നല്‍കിയിരുന്നു.