Sorry, you need to enable JavaScript to visit this website.

മഞ്ഞുരുകി, കളമശേരിയിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അഹമ്മദ് കബീർ

മലപ്പുറം- കളമശേരി സീറ്റിനെ ചൊല്ലി മുസ്‌ലിം ലീഗിലുണ്ടായ തർക്കം പരിഹരിച്ചു. പാണക്കാട്ടെത്തിയ ടി.എ അഹമ്മദ് കബീർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ലീഗിലെ ഒരാളും വിമതനായി മത്സരിക്കില്ലെന്നും തങ്ങൾ പ്രഖ്യാപിച്ചയാൾ തന്നെയാണ് സ്ഥാനാർത്ഥിയെന്നും അഹമ്മദ് കബീർ വ്യക്തമാക്കി. കളമശേരിയിൽ അഹമ്മദ് കബീറിനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് വിമതവിഭാഗം യോഗം ചേർന്നിരുന്നു. ഈ പശ്ചാതലത്തിലാണ് അഹമ്മദ് കബീറിനെ പാണക്കാട്ടേക്ക് വിളിച്ചുവരുത്തിയത്. 
കളമശേരിയിൽ വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകനായ വി ഇ അബ്ദുൾ ഗഫൂറിനെ സ്ഥാനാർഥിയാക്കിയതിലും ടി എ അഹമ്മദ് കബീറിന് സീറ്റ് നൽകാത്തതിലും പ്രതിഷേധിച്ച് മുസ്‌ലിം ലീഗിൽ ഭിന്നത ഉടലെടുത്തിരുന്നു. അഹമ്മദ് കബീറിനെ അനുകൂലിക്കുന്ന വിഭാഗം കളമശേരിയിൽ സമാന്തര കൺവെൻഷൻ വിളിച്ചു. കളമശേരിയിൽ അഹമ്മദ് കബീർ സ്വതന്ത്രനായി മൽസരിക്കുന്ന കാര്യവും കൺവെൻഷൻ ചർച്ച ചെയ്തു. മുസ്‌ലിംലീഗ് എറണാകുളം ജില്ലാ കമ്മിറ്റിയിലെ ഭൂരിഭാഗം പേരും കൺവെൻഷനിൽ പങ്കെടുത്തു. ടി.എ അഹമ്മദ് കബീറിനെ കളമശേരിയിൽ മൽസരിപ്പിക്കണമെന്ന് സമാന്തര കൺവെൻഷൻ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് പാണാക്കാടെത്തി പാർട്ടി പ്രസിഡന്റിനെ നേരിൽകണ്ട് ധരിപ്പിക്കാനും യോഗം തീരുമാനിച്ചു. എന്നാൽ താൻ വിമതനായി മൽസരിക്കുന്ന പ്രശ്‌നമില്ലെന്നും പാർട്ടി നിർദേശിക്കുന്നയാളായിരിക്കും സ്ഥാനാർഥിയെന്നും അഹമ്മദ് കബീർ വ്യക്തമാക്കി. എന്നാൽ ഇബ്രാഹിംകുഞ്ഞിന്റെ മകനെ സ്ഥാനാർഥിയായി അംഗീകരിക്കില്ലെന്നാണ്  പ്രതിഷേധക്കാരുടെ നിലപാട്.
മങ്കടയിലെ സിറ്റിംഗ് എം.എൽ. എയായ ടി.എ അഹമ്മദ് കബീർ ഇക്കുറിയും മങ്കട ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. അതുകൊണ്ടു തന്നെ ജന്മനാടായ കളമശേരി സീറ്റ് വേണമെന്ന ആവശ്യം ലീഗ് നേതൃത്വത്തിന് മുന്നിൽ ഉന്നയിച്ചിരുന്നില്ലെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. മൂന്ന് ടേം എം.എൽ.എ ആയവരെ ഒഴിവാക്കുക എന്നതായിരുന്നു ലീഗ് സ്ഥാനാർഥി നിർണയത്തിന് സ്വീകരിച്ച മാനദണ്ഡം. കബീർ മങ്കടയിൽ രണ്ടു വട്ടം ജയിച്ച ആളാണ്. അതുകൊണ്ടു തന്നെ ഒരു ടേം കൂടി സ്വാഭാവികമായും ലഭിക്കുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ മങ്കട മഞ്ഞളാംകുഴി അലിക്ക് നൽകുകയാണെന്ന് പാണക്കാട് തങ്ങൾ കബീറിനെ അറിയിക്കുകയായിരുന്നു. ആ ഘട്ടത്തിലും തന്നെ കളമശേരിയിലേക്ക് പരിഗണിക്കണമെന്ന് കബീർ ആവശ്യപ്പെട്ടില്ല. സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷമാണ് അദ്ദേഹം കളമശേരിയിൽ താൽപര്യമുണ്ടെന്ന് നേതൃത്വത്തെ അറിയിക്കുന്നത്. രണ്ട്് ടേം എം.എൽ.എയായെങ്കിലും അതിന് മുമ്പ് മൂന്നു ടേം അദ്ദേഹം തുടർച്ചയായി മത്സരിച്ചു പരാജയപ്പെട്ടയാളാണ്. രണ്ടു വർഷം മുമ്പ് പാർട്ടി വേദിയിൽ വച്ച് പക്ഷാഘാതം സംഭവിച്ചതിനെ തുടർന്ന് വിശ്രമത്തിലായ കബീർ ഇപ്പോഴും ശാരീരിക അസ്വസ്ഥതകളിൽ നിന്ന് മോചിതനല്ല. ഇതൊക്കെയാണ് ഇക്കുറി അദ്ദേഹത്തെ ഒഴിവാക്കാൻ നേതൃത്വത്തെ പ്രേരിപ്പിച്ചത്. 
എറണാകുളം ജില്ലാ കമ്മിറ്റിയിൽ കബീറിനെ പിന്തുണക്കുന്ന വിഭാഗത്തിനാണ് മേൽക്കൈ. ഇബ്രാഹിംകുഞ്ഞിനെയോ മകനെയോ സ്ഥാനാർഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് നേതൃത്വത്തിന് ജില്ലാ നേതൃത്വം കത്തയച്ചിരുന്നെങ്കിലും പകരം അഹമ്മദ് കബീറിനെ സ്ഥാനാർഥിയാക്കണെന്ന ആവശ്യം അവരും ഉന്നയിച്ചിരുന്നില്ലെന്നാണ് ലീഗ് വൃത്തങ്ങൾ പറയുന്നത്. മങ്കടയിൽ കബീർ സ്ഥാനാർഥിയല്ലാതാകുകയും കളമശേരിയിൽ ഇബ്രാഹിംകുഞ്ഞിന്റെ മകൻ സ്ഥാനാർഥിയാകുകയും ചെയ്തതോടെ കബീറിന്റെ അനുയായികളുടെ വികാരം വ്രണപ്പെട്ടതിന്റെ അനുരണനങ്ങളാണ് ഏതാനും ദിവസങ്ങളായി കളമശേരിയിൽ കണ്ടത്. 

Latest News