അഹമ്മദാബാദ്- ഗുജറാത്തിലെ സോമനാഥ് മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എയെ നിയമസഭയില്‍ നിന്ന് പുറത്താക്കി സ്പീക്കര്‍. സോമനാഥ് മണ്ഡലത്തിലെ എംഎല്‍എയായ വിമല്‍ ചുഡാസമയെയാണ് സ്പീക്കര്‍ രാജേന്ദ്ര തൃവേദി ടീ ഷര്‍ട്ട് ധരിച്ചു വന്നപ്പോള്‍ നിയമസഭയില്‍ നിന്നും പുറത്താക്കിയത്.അതേസമയം സഭയില്‍ നിയമംമൂലം ഏര്‍പ്പെടുത്തിയ വസ്ത്രധാരണ രീതിയൊന്നും ഇല്ലെന്നും നടപടി നിയമവിരുദ്ധമാണെന്നും പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിച്ചു. ഒരാഴ്ച മുമ്പ് പുതുമുഖ എംഎല്‍എ കൂടിയായ വിമല്‍ ടീ ഷര്‍ട്ട് ധരിച്ചു വന്നപ്പോള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയതായും സ്പീക്കര്‍ വ്യക്തമാക്കി. വീണ്ടും ആവര്‍ത്തിച്ചത് കൊണ്ടാണ് പുറത്താക്കിയതെന്നും സഭയില്‍ മാന്യമായ വസ്ത്രധാരണം വേണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. ഇത് കളിസ്ഥലമല്ല നിയമസഭയാണെന്നും സ്പീക്കര്‍ പറഞ്ഞു.അതേസമയം സംഭവത്തില്‍ കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിച്ചു. എംഎല്‍എമാര്‍ക്ക് വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും, ടി ഷര്‍ട്ട് ധരിച്ച് സഭയില്‍ പ്രവേശിക്കാന്‍ പറ്റില്ലെന്നുള്ള നിയമമൊന്നും നിലവിലില്ലെന്നും, ഇത് ഭരണാഘടനാ അവകാശ ലംഘനമാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് പ്രചരണ റാലികളില്‍ വരെ താന്‍ ഈ വേഷമാണ് ധരിക്കുന്നതെന്നും ഇതില്‍ എന്താണ് മാന്യതക്കുറവെന്നുമായിരുന്നു ചുഡാസമ ചോദിച്ചത്.