ലിസ്ബൻ- ലോകത്ത് ആദ്യമായി കോവിഡിനെതിരായ സമൂഹ പ്രതിരോധം (Herd Immunity) നേടിയ നാട് ഏതാണ് എന്ന് ചോദിച്ചാൽ ഒരുപക്ഷെ, ഈ പോർച്ചുഗീസ് ദ്വീപിനെയായിരിക്കും ചൂണ്ടിക്കാണിക്കാനാവുക. കോർവോ എന്ന ഈ ദ്വീപിൽ എല്ലാവർക്കും കോവിഡ് വാക്സിനേഷൻ ലഭിച്ചു കഴിഞ്ഞു. ആകെ 400 പേരാണ് കോർവോ ദ്വീപിൽ താമസക്കാരായി ഉള്ളത്. വ്കാസിനേഷൻ പൂർത്തിയായപ്പോൾ ദ്വീപിൽ ഒരു ആഘോഷം തന്നെ നടക്കുകയാണെന്ന് ആരോഗ്യപ്രവർത്തനങ്ങളിൽ പങ്കെടുത്ത ഡോ. അന്റോണിയോ സൽഗാദോ പറയുന്നു. ഈ മാസം അവസാനമാകുമ്പോഴേക്ക് ദ്വീപിലെ മിക്കവരും രോഗത്തിനെതിരായ പ്രതിരോധം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 17 സ്ക്വയർ കിലോമീറ്റർ മാത്രമാണ് ഈ ദ്വീപിന്റെ വലിപ്പം.
ദ്വീപിലെ വാക്സിൻ സ്വീകരിക്കാൻ യോഗ്യരായ 95 ശതമാനം പേരും വാക്സിനേഷൻ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. രണ്ടാമത്തെ വാക്സിൻ ഡോസ് 322 പേർക്ക് കുത്തിവെച്ചു. ഒരു സമൂഹത്തിലെ ഭൂരിഭാഗം പേരും രോഗപ്രതിരോധ ശേഷി കൈവരിക്കുന്നതിനെയാണ് ഹെർഡ് ഇമ്യൂണിറ്റി അഥവാ സമൂഹ രോഗപ്രതിരോധ ശേഷി എന്ന് പറയുന്നത്. 50% മുതൽ 70% വരെ പേരിൽ പ്രതിരോധശേഷി വളരുന്നതോടെ സാമൂഹ്യജീവിതത്തിന് സാധാരണ നിലയിലേക്ക് എത്താനാകും.