ന്യൂദൽഹി- കോവിഡ് മഹാമാരി ഇന്ത്യയിൽ ആദ്യമായി റിപോർട്ട് ചെയ്ത സമയത്ത് ദൽഹിയിൽ നടന്ന തബ് ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ നിരവധി പേർ വിവിധ സംസ്ഥാനങ്ങളിൽ വിചാരണ പോലുമില്ലാതെ ജയിലുകളിൽ കുടുങ്ങിക്കിടക്കുന്നു. രാജ്യത്തെ രോഗപ്പകർച്ചയുടെ ഉത്തരവാദിത്വം മുഴുവൻ ഇവരുടെ തലയിൽകെട്ടിവച്ച് വ്യാപക വിദ്വേഷ പ്രചരണം നടന്നിരുന്നു. തുടർന്നാണ് ഇവർക്കെതിരെ അധികൃതർ പലയിടത്തും നടപടി സ്വീകരിച്ചത്. വിദ്വേഷം നിറഞ്ഞ പ്രചാരണങ്ങളെ നേരിട്ടും ജയിൽവാസമടക്കം അനുഭവിച്ചുമാണ് കോവിഡ് കാലം ഇവരിൽ വലിയൊരു ഭാഗം പേരും കഴിച്ചു കൂട്ടിയത്. വധശ്രമക്കുറ്റം വരെ ചുമത്തപ്പെട്ട് ജയിയിൽ കഴിയുന്നവരും ഇക്കൂട്ടത്തിലുണ്ട്.
ഏതാണ്ട് 3500 വിദേശപൌരന്മാരാണ് രാജ്യത്ത് പെട്ടെന്നുണ്ടായ കോവിഡ് ലോക്ക്ഡൌൺ പ്രഖ്യാപനം മൂലം നാട്ടിലേക്ക് തിരിച്ചു പോകാൻ കഴിയാതെ കുടുങ്ങിയത്. പുതിയ റിപ്പോർട്ടുകൾ പറയുന്നത് ഇവരിൽ ചിലർക്ക് ഇപ്പോഴും സ്വന്തം നാടുകളിലേക്ക് പോകാൻ കഴിഞ്ഞിട്ടില്ലെന്നാണ്. വിവിധ സർക്കാരുകൾ ഇവർക്കെതിരെ ചുമത്തിയ കുറ്റാരോപണങ്ങളിൽ ഇതുവരെ വിചാരണയോ മറ്റ് നടപടികളോ തുടങ്ങിയിട്ടില്ല.
പല സംസ്ഥാനങ്ങളും പല തരത്തിലാണ് ഇവരോട് പെരുമാറിയത്. എഎപി ഭരിക്കുന്ന ദൽഹിയിൽ സർക്കാർ ഇവരെ ക്വാറന്റൈനിൽ അയയ്ക്കുകയാണുണ്ടായത്. 960 പേർ ഇങ്ങനെ ക്വാറന്റൈനിൽ പോയി. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ തബ്‍ലീഗികൾക്ക് ജയിലിലേക്ക് പോകേണ്ടി വന്നു. ദൽഹിയിൽ ആർക്കും ജയിലിൽ പോകേണ്ടി വന്നില്ല.
കോവിഡ് രോഗത്തിന്റെ 'സൂപ്പർ സ്പ്രെഡേഴ്സ്' എന്നാണ് പൊലീസ് ഇവരെ വിശേഷിപ്പിച്ചത്. ഇന്ത്യൻ പീനൽ കോഡിലെയും എപിഡമിക് ഡിസീസസ് ആക്ടിലെയും നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ടിലെയും ഫോറിനേഴ്സ് ആക്ടിലെയും വിവിധ വകുപ്പുകൾ ചാർത്തിയാണ് ഇവരെ ജയിലിലിട്ടിരിക്കുന്നത്. ചില സംസ്ഥാനങ്ങളിൽ ജാമ്യം പോലും കിട്ടാത്ത കൊലപാതകശ്രമം പോലുള്ള കുറ്റാരോപണങ്ങളാണ് പൊലീസ് ചാർത്തിയിരിക്കുന്നത്. രാജ്യം കോവിഡിനെ നേരിട്ട മോശമായ രീതിയുടെ ഫലമായുണ്ടായ വ്യാപകമായ പകർച്ചയെ തബ്‍ലീഗികളുടെ തലയിൽ ചാർത്തുകയാണെന്ന് ആരോപണമുയരുന്നുണ്ട്. ഇപ്പോഴും ഏതാണ്ട് 150ഓളം തബ്‍ലീഗുകാരാണ് ഇന്ത്യയിൽ കേസുകളിൽ കുടുങ്ങി കഴിയുന്നത്. ഇവരിൽ 26 പേർ ഇപ്പോഴും ജയിലിൽത്തന്നെ തുടരുകയാണ്. അലഹബാദ് ഹൈക്കോടതി ഇവയിൽ ചില കേസുകളുടെ വിചാരണ വേഗത്തിലാക്കണമെന്ന് കീഴ്ക്കോടതികൾക്ക് നിർദ്ദേശം നൽകിയെങ്കിലും കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ല.