കൊച്ചി- മഹാരാജാസ് കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ റാഗ് ചെയ്തതായി പരാതി. ഹോസ്റ്റല്‍ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിക്കുകയും വിവസ്ത്രനാക്കി ഫോട്ടോ എടുത്തുവെന്നുമാണ് പരാതി. ഒന്നാം വര്‍ഷ മലയാള വിഭാഗം വിദ്യാര്‍ഥിയും മലപ്പുറം സ്വദേശിയുമായ റോബിനാണ് റാഗിങ്ങിന് ഇരയായത്.
വെള്ളിയാഴ്ച വൈകുന്നേരം 8 മണി മുതല്‍ ശനിയാഴ്ച രാവിലെ 11 മണിവരെ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയടക്കമുള്ളവരുടെ സംഘം റോബിനെ ഹോസ്റ്റല്‍ മുറിയില്‍ പൂട്ടിയിടുകയായിരുന്നു. തുടര്‍ന്ന് മര്‍ദിക്കുകയും വിവസ്ത്രനാക്കി ഫോട്ടോ എടുത്തതായും റോബിന്‍ ആരോപിക്കുന്നു.
ഇരുമ്പ് വടി കൊണ്ട് കാല്‍ മുട്ടിലടക്കം മര്‍ദിച്ചിട്ടുണ്ട്. ഭക്ഷണം നല്‍കുകയോ രാത്രിയില്‍ ഉറങ്ങാന്‍ സമ്മതിക്കുകയോ ചെയ്തില്ല. പോലീസില്‍ പരാതി നല്‍കിയാല്‍ വേറെ കേസില്‍ കുടുക്കുമെന്ന് പറഞ്ഞു.
എസ്.എഫ്.ഐയുടെ പിരിവിന് ഇറങ്ങാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അതിനു തയാറാകാത്തതിനെ തുടര്‍ന്നാണ് മര്‍ദനമെന്നാണ് ആരോപണം.