സിംല- സോക്‌സിന്റെ ദുര്‍ഗന്ധം ശല്യമായെന്ന പരാതിയില്‍ ബസ് യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഹിമാചല്‍ പ്രദേശിലെ സ്വകാര്യ ബസിലാണ് സംഭവം. സോക്‌സ് ബാഗില്‍ വെക്കുകയോ പുറത്തേക്കു കളയുകയോ ചെയ്യണമെന്ന ആവശ്യം യാത്രക്കാരന്‍ നിരാകരിച്ചതിനെ തുടര്‍ന്നാണ് ബസ് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി യാത്രക്കാരനെ ഇറക്കി അറസ്റ്റ് ചെയ്തത്.
ദല്‍ഹിയിലേക്കുള്ള ബസില്‍ ദുര്‍ഗന്ധത്തെ ചൊല്ലി യാത്രക്കാര്‍ തമ്മില്‍ രൂക്ഷ വാഗ്വാദമാണ് നടന്നത്. തന്റെ സോക്‌സിന് ദുര്‍ഗന്ധമില്ലെന്നും പുറത്തേക്ക് എറിയില്ലെന്നും യാത്രക്കാരന്‍ വാദിച്ചതോടെയാണ് കേസ് പോലീസ് സ്‌റ്റേഷനിലെത്തിയത്.
സ്‌റ്റേഷനിലെത്തിയപ്പോഴും പ്രകാശ് കുമാര്‍ എന്ന യാത്രക്കാരന്‍ തന്റെ ഭാഗം വാദിച്ചുവെന്ന് പോലീസ് സൂപ്രണ്ട് പറഞ്ഞു.
ജാമ്യം അനുവദിച്ച കുമാര്‍ യാത്രക്കാര്‍ക്കെതിരെ വേറെ പരാതി നല്‍കി. ഇല്ലാത്ത ദുര്‍ഗന്ധത്തിന്റെ പേരില്‍ തനിക്ക് പ്രയാസമുണ്ടാക്കിയെന്നാണ് കുമാറിന്റെ പരാതി.