ജയ്പൂര്‍- ഫേസ് ബുക്ക് വഴി പാക്കിസ്ഥാനിലെ വനിതകളെ പ്രേമിച്ച് സൈനിക രഹസ്യങ്ങള്‍ കൈമാറിയ സംഭവത്തില്‍ രാജസ്ഥാനില്‍ സൈനികന്‍ അറസ്റ്റില്‍. പാകിസ്ഥാന്‍ ഏജന്റിന് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ 22 കാരനായ ജവാന്‍ ആകാശ് മഹാരിയയാണ് പിടിയിലായത്.
രാജസ്ഥാനിലെ സിക്കാര്‍ ജില്ല സ്വദേശിയായ ഇയാള്‍.
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്റിനാണ് രഹസ്യ വിവരങ്ങള്‍ കൈമാറിയതെന്ന് പോലീസ് പറഞ്ഞു.
ജവാന്‍ ഹണി ട്രാപ്പില്‍ കുടുങ്ങുകയായിരുന്നു. പാകിസ്ഥാന്‍ ഏജന്റുമാര്‍ ഫേസ്ബുക്കില്‍ വ്യാജ ഐഡന്റിറ്റികളിലൂടെ മഹാരിയയുമായി ബന്ധപ്പെടുകയായിരുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം പറഞ്ഞു.
തന്റെ മൊബൈല്‍ വഴി സൈന്യത്തെക്കുറിച്ചുള്ള തന്ത്രപ്രധാന വിവരങ്ങളാണ് കൈമാറിയതെന്നും പാകിസ്ഥാന്‍ വനിതാ ഏജന്റുമാരുമായി ഇയാള്‍ നിരന്തരം ചാറ്റ് ചെയ്തുവെന്നും പോലീസ് പറഞ്ഞു.
രഹസ്യാന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.