ദോഹ-പതിനൊന്നാമത് ഖ്വിഫ് ഇന്ത്യൻ ഫുട്‌ബോൾ ടൂർണമെന്റിന് പ്രൗഢ സമാപനം. അൽ അറബി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ കലാശക്കളിയിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മലപ്പുറം കെ.എം.സി.സിയെ പരാജയപ്പെടുത്തി തൃശൂർ ജില്ലാ സൗഹൃദവേദി കിരീടം സ്വന്തമാക്കി.
ദുഹൈൽ ക്ലബിൽ അണ്ടർ 10 ടീമംഗവും ഖത്തർ ഫുട്‌ബോൾ അസോസിയേഷനിൽ രജിസ്‌ട്രേഷൻ നേടുന്ന ആദ്യ ഇന്ത്യക്കാരനും മുൻ ഇന്ത്യൻ ജൂനിയർ താരം ജംഷീദിന്റെ മകനുമായ തഹ്‌സീൻ മുഹമ്മദ് ജംഷീദിനെ ചടങ്ങിൽ ആദരിച്ചു. ഖ്വിഫ് പ്രസിഡന്റ് കെ. മുഹമ്മദ് ഈസയുടെ അധ്യക്ഷതയിൽ സിറ്റി എക്‌സ്‌ചേഞ്ച് സി.ഇ.ഒ ശറഫ് പി. ഹമീദ് ഉദ്ഘാടനം ചെയ്തു. ശാന്തിനികേതൻ സ്‌കൂൾ ബാന്റ് ടീമിന്റെ അകമ്പടിയോടെ ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ കാണികളെ അഭിവാദ്യം ചെയ്തു. മികച്ച കളിക്കാരനായി തൃശൂർ ജില്ലാ സൗഹൃദ വേദിയുടെ സതീഷ്, ഗോൾ കീപ്പറായി കെ.എം.സി.സി പാലക്കാടിന്റെ ബാസിത്, ടോപ് സ്‌കോറർ തൃശൂരിന്റെ മൗസഫ് എന്നിവർക്കുള്ള സ്വർണ നാണയം മലബാർ ജ്വല്ലേഴ്‌സ് ആന്റ് ഡയമണ്ട്‌സ് മാനേജർ സന്തോഷ്‌കുമാർ സമ്മാനിച്ചു. ഫെയർ പ്ലേ ട്രോഫി കെ.എം.സി.സി കോഴിക്കോട് സ്വന്തമാക്കി.
വിജയികളായ തൃശൂർ ജില്ലാ സൗഹൃദ വേദിക്കുള്ള ട്രോഫി ഷറഫ് പി.ഹമീദും കെ. മുഹമ്മദ് ഈസയും ചേർന്നു നൽകി. റണ്ണേഴ്‌സ് അപ്പിനുള്ള ട്രോഫി ജനറൽ സെക്രട്ടറി പി.കെ. ഹൈദരലി, വൈസ് പ്രസിഡന്റുമാരായ സുഹൈൽ ശാന്തപുരം, നിസ്താർ പട്ടേൽ, വി.എം.ഹംസ എന്നിവർ കൈമാറി. ഹുസ്സയിൻ കടന്നമണ്ണ, അഡ്വ. മുഹമ്മദ് ഇഖ്ബാൽ, അബ്ദുൽ അസീസ് ഹൈദർ, ഷമീൻ, മുഹ്‌സിൻ, റഹീം എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സിറ്റി എക്‌സ്‌ചേഞ്ച് സ്‌പോൺസർ ചെയ്ത കാണികൾക്കുള്ള സമ്മാനങ്ങൾ ഷാനിബിന്റെ നേതൃത്വത്തിൽ ടീം വിതരണം ചെയ്തു. റേഡിയോ സുനോ ടീം നേതൃത്വം നൽകിയ കലാവിരുന്ന് ശ്രദ്ധേയമായി. കാരാട്ട് റസാഖ് എം.എൽ.എ കാണികളെ അഭിവാദ്യം ചെയ്തു. പതിനൊന്നാം പതിപ്പിനോടനുബന്ധിച്ച് ഖ്വിഫ് പ്രസിദ്ധീകരിച്ച സുവനീർ ചടങ്ങിൽ വിതരണം ചെയ്തു.