തിരുവനന്തപുരം- ഒൻപതാം ക്ലാസ് വരെയുള്ള സ്‌കൂൾ വാർഷിക പരീക്ഷകൾ ഒഴിവാക്കിയെന്ന് വിദ്യാഭ്യാസ വകുപ്പ്. നിലവിൽ എട്ടാം ക്ലാസ് വരെയുള്ള ഓൾ പാസ് ഇത്തവണ ഒമ്പതാം ക്ലാസിലേക്ക് കൂടി വ്യാപിപ്പിക്കും. പതിനൊന്നാം ക്ലാസ് പരീക്ഷയെക്കുറിച്ച് പിന്നീട് തീരുമാനിക്കും. ഈ മാസം അവസാനം വരെ പത്ത് പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള റിവിഷൻ ക്ലാസുകൾ തുടരും. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഒമ്പതാം ക്ലാസ് വരെയുള്ള വാർഷിക പരീക്ഷകൾ ഒഴിവാക്കിയത്. കുട്ടികൾ ഒന്നിച്ച് സ്‌കൂളുകളിൽ എത്തുന്നത് കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്നാണ് നിരീക്ഷണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 30 ലക്ഷം കുട്ടികൾക്ക് ഒന്നിച്ച് പരീക്ഷ നടത്തുന്നത് അപ്രായോഗികമാണെന്നാണ് വിലയിരുത്തൽ.
എട്ടാം ക്ലാസ് വരെ ഇപ്പോൾ ഓൾ പാസ് സംവിധാനമുണ്ട്. നിബന്ധനകൾക്ക് വിധേയമാക്കിയാണ് ഇത് ഒൻപതാം ക്ലാസിലേക്ക് വ്യാപിപ്പിക്കുന്നത്. കഴിഞ്ഞ തവണ ഒന്ന് രണ്ട് ടേം പരീക്ഷകളുടെ ഫലത്തെ അടിസ്ഥാനമാക്കിയാണ് ഒൻപതാം ക്ലാസിൽ നിന്നുള്ള വിജയികളെ തീരുമാനിച്ചിരുന്നത്. എന്നാൽ ഇത്തവണ പരീക്ഷകൾ നടത്താത്തതിനാൽ മാനദണ്ഡങ്ങൾക്ക് അനുസരിച്ചായിരിക്കും വിജയിപ്പിക്കുക.