കൊച്ചി- കളമശേരിയിൽ മുസ്ലിം ലീഗ് പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റണമെന്ന് ലീഗ് നേതാവ് ടി.എ അഹമ്മദ് കബീർ എം.എൽ.എ. മുൻ മന്ത്രി ഇബ്രാഹീം കുഞ്ഞിന്റെ മകൻ വി.ഇ അബ്ദുൽ ഗഫൂറിനെ മാറ്റണമെന്നും അഹമ്മദ് കബീർ ആവശ്യപ്പെട്ടു. മങ്കടയിൽനിന്ന് തന്നെ മാറ്റേണ്ട സഹചര്യമില്ലായിരുന്നു. കളമശേരിയിൽ മത്സരിക്കാൻ താൻ തയ്യാറാണെന്നും അഹമ്മദ് കബീർ വ്യക്തമാക്കി. മങ്കടയിലെ ജനങ്ങളുമായി താൻ അടുത്ത ബന്ധം പുലർത്തിയിരുന്നു. പാർട്ടി എടുത്ത തീരുമാനം അംഗീകരിക്കുമെന്നും അഹമ്മദ് കബീർ വ്യക്തമാക്കി.
അബ്ദുൽ ഗഫൂറിനെ മാറ്റണമെന്ന് മുസ്്‌ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു. അബ്ദുൽ ഗഫൂറിനെതിരെ ജില്ലാ കമ്മിറ്റി ഉന്നയിച്ച പരാതിയിൽ സംസ്ഥാന നേതൃത്വത്തിന്റെ ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് ഗഫൂറിനെ മത്സരിപ്പിക്കുന്നത്. ജില്ലാ നേതൃത്വത്തിന്റെ മുന്നറിയിപ്പ് അവഗണിച്ച് അബ്ദുൽ ഗഫൂർ പര്യടനം തുടങ്ങി. പാണക്കാട് തങ്ങൾ പ്രഖ്യാപിക്കുന്നയാളാണ് സ്ഥാനാർത്ഥിയെന്ന് ഗഫൂർ വ്യക്തമാക്കി.