ഗുവാഹത്തി- അസമിൽ താൻ മാത്രമാണ് ബിജെപിയുടെ ഉന്നമെന്നും തനിക്ക് കോൺഗ്രസ് നയിക്കുന്ന സഖ്യത്തിന് അനുകൂലമായി 35 ശതമാനം വോട്ടുകൾ തിരിക്കാനാകുമെന്നും അവകാശപ്പെട്ട് എഐയുഡിഎഫ് തലവൻ മൗലാന ബദ്‌റുദ്ദീന്‍ അജ്മൽ. എഐയുഡിഎഫാണ് അസമിലെ തങ്ങളുടെ പ്രധാന എതിരാളിയെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞദിവസം ബിജെപി രംഗത്തെത്തിയിരുന്നു. അജ്മലിന്റെ പാർട്ടിയുമായി കോൺഗ്രസ്സിനുള്ള സഖ്യത്തെ പ്രശ്നവൽക്കരിക്കാനാണ് ബിജെപിയുടെ നീക്കം. അതെസമയം താൻ പദ്ധതിയിടുന്നതു പോലെ കാര്യങ്ങൾ നീങ്ങിയാൽ ബിജെപി അധികാരത്തിലുണ്ടാകില്ലെന്ന് അജ്മൽ പ്രസ്താവിച്ചു.
19 സീറ്റുകളിലാണ് കോൺഗ്രസ്-എഐയുഡിഎഫ് സഖ്യം. കോൺഗ്രസ്സുമായി മുൻകാലങ്ങളിൽ ഈ പാർട്ടി പുലർത്തിയിരുന്ന ശത്രുത കൂടി ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ പ്രചാരണം. കോൺഗ്രസ് സ്വത്വവാദി ഗ്രൂപ്പുകളുമായി ചേർന്നെന്ന് ബിജെപി ആക്ഷേപിക്കുന്നു. പ്രചാരണം അജ്മലിൽ കേന്ദ്രീകരിക്കാൻ ബിജെപി പ്രത്യേകം ശ്രദ്ധ വെക്കുന്നുണ്ട്. അജ്മലിനെയും പാർട്ടിയെയും മുഗളന്മാരോട് ഉപമിച്ച് യുവമോർച്ചാ നേതാവ് തേജസ്വി സൂര്യയാണ് ഇതിന് തുടക്കം കുറിച്ചത്.
2016 തെരഞ്ഞെടുപ്പിൽ എഐയുഡിഎഫിനെ എതിർത്ത് നിലപാടെടുത്തത് വോട്ടുകൾ ഭിന്നിച്ചു പോകാൻ കാരണമായെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് ഇപ്പോഴുള്ളത്. ബിജെപിക്ക് ഇതുമൂലം ഇരുപതോളം സീറ്റുകളിൽ മേൽക്കൈ കിട്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എഐയുഡിഎഫിനും തിരിച്ചടിയുണ്ടായി. ഏഴ് സീറ്റുകളോളം അവർക്ക് നഷ്ടപ്പെട്ടു. കോൺഗ്രസുമായുള്ള സഖ്യത്തിലൂടെ വോട്ടുകളുടെ ഭിന്നിപ്പ് ഒഴിവാക്കാമെന്നാണ് ഇവരും കരുതുന്നത്.
ഇതിനിടെ, അജ്മലിന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ എഡിറ്റ് ചെയ്തെടുത്ത് അദ്ദേഹത്തെ ഹിന്ദു വിരുദ്ധനായി ചിത്രീകരിക്കാൻ ബിജെപി സോഷ്യൽ മീഡിയയിൽ ശ്രമം നടത്തുന്നുണ്ട്. ഇത് ഫാക്ട് ചെക്കിങ് വെബ്സൈറ്റുകൾ തെറ്റാണെന്ന് സ്ഥാപിച്ചുവെങ്കിലും പ്രചാരണം തുടരുകയാണ്. തന്റെ എല്ലാ മുൻകാല പ്രസംഗങ്ങളും എടുത്ത് പരിശോധിക്കണമെന്നും നിയമവിരുദ്ധമായി കുടിയേറിയ എല്ലാ ബംഗ്ലാദേശികളെയും രാജ്യത്തു നിന്ന് നീക്കണമെന്നു തന്നെയാണ് താൻ പറയാറുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.