മുംബൈ- റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ വീടിനു സമീപം കണ്ടെത്തിയ സ്‌ഫോടക വസ്തു ഇവിടെ എത്തിച്ചതുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അസിസ്റ്റന്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ സചിന്‍ വാസെയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് വാസെയെ കസ്റ്റഡിയിലെടുത്തത്. മുംബൈയിലെ എന്‍.ഐ.എ ആസ്ഥാനത്ത് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എടിഎസ്)യും വാസെയ്‌ക്കെതിരെ ഈ സംഭവവുമായി ബന്ധപ്പെട്ട മറ്റു രണ്ടു കേസുകളില്‍ അന്വേഷണം നടത്തി വരികയായിരുന്നു.
സൗത്ത് മുംബൈയിലെ അംബാനിയുടെ വീടിനു സമീപം സ്‌ഫോടക വസ്തു അടങ്ങിയ നിലയില്‍ ഫെബ്രുവരി 25ന് കണ്ടെത്തിയ സ്‌കോര്‍പിയോ കാറിന്റെ ഉടമയായ താനെ സ്വദേശി മന്‍സുഖ് ഹിരണിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലും, ഈ വാഹനം ഫെബ്രുവരി 17ന് മോഷണം പോയ സംഭവവുമായി ബന്ധപ്പെട്ട മറ്റൊരു കേസിലുമാണ് ഈ പോലീസുദ്യോഗസ്ഥനെതിരെ അന്വേഷണം നടന്നു വരുന്നത്. സചിന്‍ വാസെ ഈ വാഹനം നാലു മാസത്തേക്ക് വാടകയ്ക്ക് എടുത്തിയരുന്നതായും ഫെബ്രുവരി അഞ്ചിനു തിരിച്ചു നല്‍കിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും തന്നെ വേട്ടയാടുകയാണെന്നും കാണിച്ച് ഈ പോലീസ് ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം താനെ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.