ലഖ്‌നൗ- സ്ത്രീകളേയും പെണ്‍കുട്ടികളേയും വിളിച്ച് തെറിപ്പാട്ടും അശ്ലീല ചാറ്റും പതിവാക്കിയ മധ്യവയസ്‌ക്കനെ 66 സ്ത്രീകളുടെ പരാതിയെ തുടര്‍ന്ന് യുപി പോലീസ് അറസ്റ്റ് ചെയ്തു. ഓരിയ സ്വദേശി 51കാരന്‍ രാജേഷ് കുമാറാണ് പിടിയിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി സ്ത്രീകളാണ് പോലീസില്‍ പരാതിപ്പെട്ടത്. വനിതാ ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 1090ലേക്ക് വിളിച്ചാണ് ഇരകള്‍ ഇയാള്‍ക്കെതിരെ പരാതിപ്പെട്ടത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രാജേഷ് കുമാര്‍ പിടിയിലായത്. ഇയാളുടെ പീഡനത്തിനിരയായവരുടെ എണ്ണം ഇനിയും കൂടാമെന്നും പോലീസ് പറഞ്ഞു.
പെണ്‍കുട്ടികളേയും സ്ത്രീകളേയും ഫോണില്‍ വിളിച്ച് അശ്ലീലം സംസാരിക്കുകയും തന്റെ തെറിപ്പാട്ട് നിര്‍ബന്ധിപ്പിച്ച് കേള്‍പ്പിക്കുകയുമായിരുന്നു ഇയാളുടെ രീതി. ഇതിനു പുറമെ അശ്ലീല ചാറ്റ് നടത്താനും ഇയാള്‍ സ്ത്രീകളെ പ്രേരിപ്പിച്ചു.
പരാതികളുയര്‍ന്നതിനെ തുടര്‍ന്ന് പ്രതിയുടെ ഫോണ്‍വിളികളെ പിന്തുടര്‍ന്നാണ് പോലീസ് ഇയാളെ പൊക്കിയത്. കര്‍ഷകനായ പ്രതി നൂറിലേറെ പെണ്‍കുട്ടികളേയു സ്ത്രീകളേയും ഉന്നമിട്ടിരുന്നതായി പോലീസ് പറഞ്ഞു. എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ പ്രതി ഇരകളെ ഭീഷണിപ്പെടുത്തിയാണ് പോലീസില്‍ പരാതി നല്‍കുന്നതില്‍ നിന്നും അവരെ തടഞ്ഞിരുന്നത്.