മുംബൈ-കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയിൽ ലോക്ഡൗണ്‍ അടിച്ചേൽപ്പിക്കാൻ സർക്കാരിനെ നിർബന്ധിക്കരുതെന്ന് ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും മുന്നറിയിപ്പു നൽകി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഈ സ്ഥാപനങ്ങളിൽ കോവിഡ് പ്രോട്ടോകോളുകൾ കർശനമായി പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹോട്ടലുകളുടെയും റസ്റ്ററന്റുകളുടെയും പ്രതിനിധികളുമായി നടത്തിയ വെർച്വൽ മീറ്റിങ്ങിലാണ് മുഖ്യമന്ത്രി ഈ താക്കീത് നൽകിയത്. മറ്റിടങ്ങളിലെല്ലാം രോഗനിയന്ത്രണം ഏറെക്കുറെ സാധ്യമായപ്പോഴും രാജ്യത്തെ ഏറ്റവും വലിയ കോവിഡ് പകർച്ചാകേന്ദ്രമായി മഹാരാഷ്ട്ര മാറിയിരിക്കുകയാണ്. കോവിഡ് നിയന്ത്രണാതീതമാകുന്നതിന് കാരണം പുതിയ വൈറസ് സ്ട്രെയിനുകളല്ലെന്നും ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതാണെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
"ലോക്ഡൗണ്‍ പ്രഖ്യാപിക്കാൻ ഞങ്ങളെ നിർബന്ധിക്കരുത്. ഇത് അവസാന താക്കീതായി കണക്കാക്കുക. ചട്ടങ്ങൾ പാലിക്കുക. നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതും സ്വയനിയന്ത്രണം പാലിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്ന് എല്ലാവരും മനസ്സിലാക്കിയാൽ നന്ന്," കർശനമായ ഭാഷയിൽ ഉദ്ധവ് താക്കറെ പറഞ്ഞു. മിക്ക സ്ഥലങ്ങളിലും ആൾക്കൂട്ടങ്ങൾ വർധിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആരും സുരക്ഷാ മാനദണ്ഡങ്ങൾ ശരിയായി പാലിക്കുന്നില്ല.
കഴിഞ്ഞദിവസം 15,602 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 88 മരണങ്ങളുണ്ടായി. രോഗം ബാധിച്ചവരുടെ ആകെ എണ്ണം 22,97,793 ആയി ഉയർന്നു. "കഴിഞ്ഞയാഴ്ച സംസ്ഥാനം സന്ദർശിച്ച കേന്ദ്രസംഘം എന്നോട് പറഞ്ഞത് തങ്ങൾ സന്ദർശിച്ച ഹോട്ടലുകളിലും റസ്റ്ററന്റുകളിലും മാസ്കുകൾ ധരിക്കുന്നില്ലായെന്നും സാമൂഹ്യ അകലം പാലിക്കുന്നില്ലായെന്നുമാണ്. മുമ്പ് എല്ലാവരും നന്നായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നതാണ്. ഇപ്പോൾ ഉത്സാഹം നഷ്ടപ്പെട്ടിരിക്കുന്നു," മുഖ്യമന്ത്രി പറഞ്ഞു.