ചണ്ഡീഗഢ്- വധു ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നില്ലെങ്കില്‍ മുസ്ലിം സ്ത്രീയും ഹിന്ദു പുരുഷനും തമ്മിലുള്ള വിവാഹം അസാധുവാകുമെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി.
ജനുവരി 15 ന് ഹിന്ദു ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായ 18 കാരിയായ മുസ്ലിം യുവതിയും 25 കാരനായ ഹിന്ദു യുവാവും സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. വധു ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതുവരെ വിവാഹം അസാധുവാണെന്ന് വ്യക്തമാക്കി.
അതേസമയം, പ്രായപൂര്‍ത്തിയായതിനാല്‍ അവര്‍ക്ക് ബന്ധം തുടരാമെന്നും കോടതി വ്യക്തമാക്കി.
കുടുംബാംഗങ്ങള്‍ ഭീഷണിപ്പെടുത്തുന്നതിനാല്‍ സംരക്ഷണം ആവശ്യപ്പെട്ടാണ് ദമ്പതികള്‍ കോടതിയെ സമീപിച്ചത്.
സുരക്ഷക്കായി തങ്ങള്‍ അംബാല പോലീസ് സൂപ്രണ്ടിനെ സമീപിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അതുകൊണ്ടാണ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ബന്ധിതരായതെന്നും ദമ്പതികള്‍ കോടതിയെ അറിയിച്ചു.
ദമ്പതികളുടെ സുരക്ഷക്കായി അടിയന്തര നടപടി സ്വീകരിക്കാന്‍ കോടതി അംബാല എസ്പിക്ക് നിര്‍ദേശം നല്‍കി.
പ്രായപൂര്‍ത്തിയായില്ലെങ്കിലും ആര്‍ത്തവം ആരംഭിച്ചാല്‍ പെണ്‍കുട്ടികളുടെ വിവാഹത്തിനു മുസ്ലിം വ്യക്തി നിയമം അനുവദിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം പഞ്ചാബ്, ഹരിയാന ഹൈക്കോടതി പ്രായപൂര്‍ത്തിയാകാത്ത മുസ്ലിം പെണ്‍കുട്ടിയുടെ വിവാഹത്തെ സാധൂകരിച്ചിരുന്നു.