Sorry, you need to enable JavaScript to visit this website.

കോവിഡ് വാര്‍ഷികത്തില്‍ ഇറ്റലിയില്‍ ഭീതി, നിയന്ത്രണങ്ങള്‍ ശക്തമാക്കി

റോം- കോവിഡിന്റെ പുതിയ തരംഗം റിപ്പോര്‍ട്ട് ചെയ്തതിന്റെ പിന്നാലെ ഇറ്റലി വീണ്ടും ലോക്ക്ഡൗണിലേയ്ക്ക്. അടുത്തയാഴ്ച മുതല്‍ രാജ്യത്തെ മിക്കയിടത്തുമുള്ള സ്‌കൂളുകള്‍, റെസ്‌റ്റോറന്റുകള്‍, ഷോപ്പുകള്‍, മ്യൂസിയങ്ങള്‍ തുടങ്ങിയവ അടച്ചിട്ടേക്കും. കോവിഡ് മഹാമാരി ഏറ്റവും അധികം ബാധിച്ച യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നാണ് ഇറ്റലി. കോവിഡിന്റെ പൊട്ടിത്തെറി നേരിട്ട് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് രാജ്യത്തെ കൊറോണവൈറസിന്റെ പുതിയ തരംഗത്തെ കുറിച്ച് പ്രധാനമന്ത്രി മരിയോ ഡ്രാഗി മുന്നറിയിപ്പ് നല്‍കിയത്.
റോം, മിലാന്‍ എന്നിവ ഉള്‍പ്പെടെയുള്ള ഭൂരിഭാഗം പ്രദേശങ്ങളെയും തിങ്കളാഴ്ച മുതല്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള ചുവന്ന മേഖലകളായി തിരിക്കും. ജോലി, ആരോഗ്യം, മറ്റ് അവശ്യ കാരണങ്ങള്‍ ഒഴികെ എല്ലാവരും വീട്ടില്‍ തന്നെ തുടരാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ നടപടികള്‍ കൈക്കൊള്ളാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി.
നിയന്ത്രണങ്ങള്‍ ഈസ്റ്റര്‍ വരെ നീണ്ടുനില്‍ക്കും. ഏപ്രില്‍ 3 5 തീയതികളില്‍ ഈസ്റ്റര്‍ വാരാന്ത്യത്തില്‍ ഇറ്റലി മുഴുവന്‍ ചുവന്ന മേഖലയായി മാറും. 'ആരോഗ്യ അടിയന്തരാവസ്ഥ ആരംഭിച്ച് ഒരു വര്‍ഷത്തിലേറെയായി, നിര്‍ഭാഗ്യവശാല്‍ പുതിയൊരു അണുബാധയെ രാജ്യം അഭിമുഖീകരിക്കുകയാണ്', റോമിലെ ഫിയുമിസിനോ വിമാനത്താവളത്തിലെ ഒരു പുതിയ വാക്‌സിനേഷന്‍ കേന്ദ്രം സന്ദര്‍ശിച്ച ഡ്രാഗി പറഞ്ഞു.

Latest News