കൊളംബോ- ബുര്‍ഖ ധരിക്കുന്നത് നിരോധിക്കുമെന്നും ആയിരത്തിലേറെ ഇസ്‌ലാമിക സ്‌കൂളുകള്‍ പൂട്ടിക്കുമെന്നും ശ്രീലങ്കയിലെ പൊതുസുരക്ഷാ മന്ത്രി ശരത് വീരസെകേര. മുസ് ലിം സ്ത്രീകള്‍ ബുര്‍ഖ ധരിക്കുന്നത് നിരോധിക്കണമെന്ന നിര്‍ദേശം മന്ത്രിസഭയുടെ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ നടപടിയെന്ന് മന്ത്രി പറഞ്ഞു. 'ആദ്യ കാലങ്ങളിലൊന്നും മുസ്ലിം സ്ത്രീകളും പെണ്‍കുട്ടികളും ബുര്‍ഖ ധരിച്ചിരുന്നില്ല. ഇതൊരു മതതീവ്രവാദത്തിന്റെ അടയാളമാണ്. ഞങ്ങളത് തീര്‍ച്ചയായും നിരോധിക്കും,' മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ബുദ്ധ ഭൂരിപക്ഷ രാജ്യമായ ശ്രീലങ്കയില്‍ മുസ്ലിംകള്‍ ന്യൂനപക്ഷമാണ്. 2019ലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ രാജ്യത്ത് ബുര്‍ഖ നിരോധിച്ചിരുന്നു.
ദേശീയ വിദ്യാഭ്യാസ നയം ലംഘിക്കുന്ന ആയിരത്തിലേറെ മദ്രസകളേയും സര്‍ക്കാര്‍ പൂട്ടിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. സ്‌കൂള്‍ തുടങ്ങി ഇഷ്ടമുള്ളത് കുട്ടികളെ പഠിപ്പിക്കുക എന്നത് നടപ്പില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
നേരത്തെ മുസ്ലിം സമൂഹത്തിന്റെ എതിര്‍പ്പ് അവഗണിച്ച് കോവിഡ് ബാധിച്ച മരിച്ച മുസ്ലിംകളെ ദഹിപ്പിക്കല്‍ നിര്‍ബന്ധമാണെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. മൃതദേഹം മറവ് ചെയ്യുന്നതാണ് മുസ്ലിം രീതി. ഇതു അനുവര്‍ത്തിക്കാന്‍ അനുവദിക്കാത്ത ശ്രീലങ്കന്‍ സര്‍ക്കാരിനെതിരെ അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനകളും യുഎസും രംഗത്തു വന്നിരുന്നു. വിമര്‍ശനം ശക്തമായതോടെ മാസങ്ങള്‍ക്കു മുമ്പ് ഈ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.