റാഞ്ചി- സ്വകാര്യമേഖലയിലെ തൊഴിലുകളിൽ സംസ്ഥാനത്തെ സ്ഥിരതാമസക്കാരായവർക്ക് സംവരണം നൽകാൻ ജാർഖണ്ഡ് മന്ത്രിസഭ തീരുമാനിച്ചു. സ്വകാര്യസ്ഥാപനങ്ങളിലെ 30,000 രൂപ വരെ ശമ്പളമുള്ള തൊഴിലുകളിൽ ജാർഖണ്ഡുകാർക്ക് 75 ശതമാനം സംവരണം ഉറപ്പാക്കുന്നതാണ് ഈ നയം. നേരത്തെ ഹരിയാനയും ഇത്തരമൊരു നയം നടപ്പാക്കിയിരുന്നു. ഈ നയം അടുത്ത നിയമസഭാ സമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഓഫീസ് അറിയിച്ചു. മാർച്ച് 17ന് നിയമസഭ ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സംസ്ഥാനത്ത് ഉയർന്ന തോതിലാണ് തൊഴിലില്ലായ്മാ നിരക്ക്. കഴിഞ്ഞ ഇക്കണോമിക് സർവേ പ്രകാരം ഇത് 60 ശതമാനത്തിനടുത്താണ്. കോവിഡ് മഹാമാരിയാണ് ഈ നില കൂടുതൽ വഷളാക്കിയത്. അതെസമയം ഈ നയം നടപ്പാക്കാൻ പ്രതിബന്ധങ്ങൾ ഏറെയുണ്ട്. ഒരു ജാർഖണ്ഡുകാരൻ/കാരി ആരാണെന്ന് എങ്ങനെ നിർവ്വചിക്കുമെന്നതാണ് പ്രശ്നം. ഈ പ്രശ്നവുമായി ബന്ധപ്പെട്ട് മുമ്പ് ഒരു മുഖ്യമന്ത്രിക്ക് രാജി വെക്കേണ്ടതായിപ്പോലും വന്നിട്ടുണ്ട്. 2002ൽ ബാബുലാൽ മറാണ്ടിയാണ് ഇങ്ങനെ കുടുങ്ങിപ്പോയത്. ഇതിനു ശേഷം അധികാരത്തിൽ വന്നവരാരും പിന്നീട് ഈ വിഷയത്തിൽ തൊടാൻ ധൈര്യം കാട്ടിയില്ല. കുറെക്കൂടി വിശാലമായ നിർവ്വചനമെന്ന് അവകാശപ്പെട്ട് 2014ൽ അന്നത്തെ മുഖ്യമന്ത്രി രഘുബർദാസ് അവതരിപ്പിച്ച നയവും പാളിപ്പോയി. ഗോത്രവർഗക്കാർക്കു വേണ്ടി സൃഷ്ടിച്ച സംസ്ഥാനത്ത് അവരെ സ്ഥിരതാമസക്കാരായി കാണാത്ത നയമാണിതെന്ന കടുത്ത വിമർശനമുയർന്നു.
ആരെയെല്ലാം സംസ്ഥാനത്തെ സ്ഥിരതാമസക്കാരായി കാണണമെന്നതിനെ പഠിക്കാൻ ഒരു ഉപസമിതി രൂപീകരിക്കാനാണ് സർക്കാരിന്റെ നീക്കം.