ന്യൂദൽഹി- ആഗോളതലത്തിൽ അയുർവേദത്തിന് വളരാൻ പറ്റിയ സാഹചര്യമാണ് കോവിഡ് മഹാമാരി കൊണ്ടുവന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാലാമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുർവേദത്തെക്കുറിച്ചും രോഗ പ്രതിരോധശേഷി കൂട്ടാനുള്ള അതിന്റെ ശേഷിയെക്കുറിച്ചും ലോകമെങ്ങും ചർച്ചയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആയുർവേദ ഉൽപ്പന്നങ്ങളുടെ ഡിമാൻഡ് വൻതോതിൽ കൂടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആയുർവേദ മേഖലയ്ക്ക് സർക്കാരിന്റെ പൂർണ പിന്തുണ താൻ ഉറപ്പാക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിൽ ഒരു ഗ്ലോബൽ സെന്റർ ഫോർ ട്രഡീഷണൽ മെഡിസിൻ സ്ഥാപിക്കാൻ ലോകാരോഗ്യ സംഘടന തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ആയുർവേദത്തിൽ ലോകത്ത് വലിയ താൽപര്യം വളരുന്നതിന്റെ തെളിവാണ് ആയുർവേവ്വേദ ഫെസ്റ്റിവലിൽ 25 രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് മഹാമാരിയെ ചെറുക്കുന്നതിന് ശരീരത്തിന്റെ പ്രതിരോധം കൂട്ടാനുള്ള ഉൽപ്പന്നങ്ങൾ സർക്കാരിന്റെ ആയുർവ്വേദ സ്ഥാപനങ്ങൾ പുറത്തിറക്കിയിരുന്നു. ഇതിനൊപ്പം ചില വ്യാജ കോവിഡ് മരുന്നുകൾ കേന്ദ്ര സർക്കാർ നേരിട്ട് പ്രചരിപ്പിക്കാനിറങ്ങിയത് വിവാദമാകുകയും ചെയ്തിരുന്നു. കോവിഡ് മരുന്നെന്ന പേരിൽ പുറത്തിറങ്ങിയ ഒരു വ്യാജ ആയുർവ്വേദ മരുന്നിനെ കേന്ദ്ര ആരോഗ്യമന്ത്രി പിന്തുണച്ച് രംഗത്തെത്തിയത് വിവാദം സൃഷ്ടിച്ചിരുന്നു. ഈ ഉൽപന്നം മഹാരാഷ്ട്രയിൽ വിൽക്കാൻ അനുവദിക്കില്ലെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി പ്രഖ്യാപിക്കുന്ന സ്ഥിതിയുമുണ്ടായി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സർക്കാരിന്റെ വ്യാജമരുന്ന പ്രചാരണത്തെ എതിർത്ത് രംഗത്തെത്തിയിരുന്നു.