മുംബൈ- വിശുദ്ധ ഖുര്‍ആനില്‍നിന്ന് 26 സൂക്തങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച ഉത്തര്‍പ്രദേശിലെ ശിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വസീം റിസ്‌വിക്കെതിരെ വ്യാപക പ്രതിഷേധം. പൊതുതാല്‍പര്യ ഹരജി ഉടന്‍ തള്ളണമെന്ന് ആവശ്യപ്പെട്ട് മുംബൈയിലെ റാസ അക്കാദമി സുപ്രീംകോടതിയില്‍ ഹരജി നല്‍കി.
ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയതിന് റിസ് വിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അക്കാദമി കോടതിയോട് അഭ്യര്‍ത്ഥിച്ചു. മൂന്ന് ഖലീഫമാര്‍ (അബുബക്കര്‍, ഉമര്‍, ഉസ്മാന്‍ ) അവരുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനായി ഖുര്‍ആനില്‍ ചേര്‍ത്ത ഈ വാക്യങ്ങള്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ആളുകളെ ജിഹാദിലേക്ക് പ്രേരിപ്പിക്കുന്നതാണെന്നുമാണ് റിസ് വി തന്റെ ഹരജിയില്‍ പറയുന്നത്. സുപ്രീംകോടതി ഹരജി ഇതുവരെ സ്വീകരിച്ചിട്ടില്ല.
അഖിലേന്ത്യാ ശിയ പേഴ്‌സണല്‍ ലോ ബോര്‍ഡും നിരവധി മുസ്‌ലിം സംഘടനകളും റിസ്‌വിയുടെ നടപടിയെ അപലപിച്ചു. ഖുര്‍ആന്‍ വാക്യങ്ങളുടെ ആധികാരികതയെ കുറിച്ചുള്ള ഒരു ചര്‍ച്ചയും മുസ്‌ലിംകള്‍ അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ സംഘടനകള്‍ പൊതുതാല്‍പര്യ ഹരജി തള്ളിക്കളയണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.