മലപ്പുറം- തിരൂരങ്ങാടി മണ്ഡലത്തിൽ കെ.പി.എ മജീദിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ലീഗ് പ്രവർത്തകർ പാണക്കാട്ടെത്തി. മജീദിനെ തോൽപ്പിക്കുമെന്നും ലീഗ് പ്രവർത്തകർ മുന്നറിയിപ്പ് നൽകി. മണ്ഡലം കമ്മിറ്റിയുടെ ആവശ്യം പരിഗണിക്കാതെയാണ് കെ.പി.എ മജീദിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. നേരത്തെ പി.എം.എ സലാമിനെ ലീഗ് സ്ഥാനാർത്ഥിയാക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇതിൽനിന്ന് വ്യത്യസ്തമായി കെ.പി.എ മജീദിനെ ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിക്കുകയായിരുന്നു. പി.കെ അബ്ദുറബ്ബിനെ മാറ്റിയാണ് കെ.പി.എ മജീദിനെ ലീഗ് പരിഗണിച്ചത്. എന്നാൽ നേരത്തെ മങ്കടയിലും മഞ്ചേരി ലോക്‌സഭ മണ്ഡലത്തിലും പരാജയപ്പെട്ട മജീദിനെ തിരൂരങ്ങാടിയിൽ മത്സരിപ്പിക്കരുതെന്നാണ് ലീഗ് പ്രവർത്തകരുടെ അവകാശം.
അതിനിടെ, കെ.പി.എ മജീദ് തിരൂരങ്ങാടിയിൽ പ്രചാരണം തുടങ്ങി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചാണ് മജീദ് പ്രവർത്തനം തുടങ്ങിയത്. അബ്ദുസമദ് സമദാനിയും മജീദിന്റെ കൂടെയുണ്ടായിരുന്നു.