ഭൂവനേശ്വർ- തന്റെ മണ്ഡല മടങ്ങുന്ന പ്രദേശത്തെ കർഷകരുടെ ഉൽപന്നങ്ങൾ സംഭരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് ബിജെപി എംഎൽഎ ഒഡീഷ നിയമസഭയിൽ വെച്ച് സാനിറ്റൈസർ കുടിക്കാൻ ശ്രമിച്ചു. ദിയോഗഢിൽ നിന്നുള്ള എംഎൽഎ സുഭാഷ് ചന്ദ്ര പാണിഗ്രാഹി കഴിഞ്ഞദിവസം രാവിലെ ഇതേ വിഷയത്തിൽ ചില ഭീഷണികളുമായി രംഗത്തെത്തിയിരുന്നു. താൻ സ്വയം തീക്കൊളുത്തുമെന്നായിരുന്നു ഭീഷണി.
സഭയിൽ വെച്ച് സാനിറ്റൈസർ വായിലേക്ക് ഒഴിക്കാൻ തുനിഞ്ഞ എംഎൽഎയെ പാർലമെന്ററികാര്യ മന്ത്രി ബിക്രം അരൂഖ, ബിജെഡി എംഎൽഎയായ പ്രമീള മല്ലിക്ക് എന്നിവർ ചേർന്ന് തടഞ്ഞു. കർഷകരുടെ പ്രശ്നങ്ങൾ സഭയിൽ ഉന്നയിക്കണമെന്നത് ശരി തന്നെയെങ്കിലും ഇത്തരം നടപടികൾ അംഗീകരിക്കാൻ പറ്റില്ലെന്ന് ബിജെഡി എംഎൽഎയായ അനന്ത ദാസ് പറഞ്ഞു.
2020-21 കാലത്തെ നെല്ല് സംഭരണം സംബന്ധിച്ച ഒരു പ്രസ്താവന ഭക്ഷ്യമന്ത്രി രാണേന്ദ്ര പ്രതാപ് വായിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് പാണിഗ്രാഹിയുടെ വിചിത്രമായ പ്രതിഷേധം അരങ്ങേറിയത്. നെല്ല് സംഭരിക്കുമെന്നും ഇടനിലക്കാരുടെ ക്രിമിനൽ നടപടികളെ നേരിടുമെന്നും നേരത്തെ സർക്കാർ വാഗ്ദാനം നൽകിയെങ്കിലും ഒന്നും നടക്കുകയുണ്ടായില്ലെന്ന് പ്രതിപക്ഷ നേതാവായ പ്രദീപ് കുമാർ നായിക്ക് പറയുന്നു. പഞ്ചായത്ത് തലത്തിൽ ക്രിക്കറ്റ് മാച്ചുകൾ നടത്താൻ സർക്കാരിന്റെ പക്കൽ പണമുണ്ടെന്നും കർഷകരെ സഹായിക്കാനാണ് പണമില്ലാത്തതെന്നും ബിജെപി നേതാവായി നായിക്ക് ആരോപിച്ചു.