ന്യൂദൽഹി- ഹൈദരാബാദിലെ ഭാരത് ബയോടെക്ക് വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്നായ കോവാക്സിൻ അതിന്റെ പരീക്ഷണഘട്ടങ്ങളുടെ നിർണായക ഭാഗങ്ങൾ പൂർത്തിയാക്കി. ഇതുവരെ വാക്സിൻ സ്വീകരിക്കുന്നവർ പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന കുത്തിവെപ്പിന് ആവശ്യമായ സമ്മതം ഒപ്പിട്ടു നൽകേണ്ടതുണ്ടായിരുന്നു. ഇനി മുതൽ അത് ആവശ്യമായി വരില്ല. വാക്സിന്റെ പരീക്ഷണം നിരീക്ഷിക്കുന്ന ചുമതലയുള്ള വിദഗ്ധ സമിതി ഇതുസംബന്ധിച്ച ശുപാർശ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക് (ഡിസിജിഐ) കൈമാറി. അതെസമയം വാക്സിന്റെ ഉപയോഗം നിയന്ത്രിതമായി അടിയന്തിര സാഹചര്യങ്ങളിൽ മാത്രമായിരിക്കണമെന്ന് ഡിസിജിഐ ഭാരത് ബയോടെക്കിനോട് നിർദേശം നൽകി.
കമ്പനി നൽകിയ ഇടക്കാല ഫലപ്രാപ്തി റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് ഡിസിജിഐയുടെ പുതിയ നിർദ്ദേശം. പരീക്ഷണങ്ങളിൽ 81 ശതമാനമാണ് വാക്സിന്റെ ഫലപ്രാപ്തിയെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതെസമയം ഇനിയും തുടരുന്ന മൂന്നാംഘട്ട പരീക്ഷണങ്ങളുടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കണമെന്ന് ഡിസിജിഐ റിപ്പോർട്ട് നൽകിയിട്ടുണ്ട്. വാക്സിന്റെ സ്വാഭാവം വ്യക്തമാക്കുന്ന പുതിയ സംഗ്രഹിച്ച റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട് അധികൃതർ.
നിലവിൽ കോവിഷീൽഡിനുള്ള അതേ സ്റ്റാറ്റസിലെക്ക് കോവാക്സിൻ എത്തിക്കഴിഞ്ഞു. ഇതുവരെ 19 ലക്ഷം പേർക്ക് വാക്സിൻ നൽകിയതിൽ വെറും 311 പേർക്ക് മാത്രമാണ് പാർശ്വഫലങ്ങൾ പ്രത്യക്ഷമായതെന്ന് വാക്സിൻ അഡ്മിനിസ്ട്രേഷൻ കമ്മിറ്റി തലവൻ ഡോ. വികെ ബോൾ പറഞ്ഞു. ഗൌരവമുള്ള പാർശ്വഫലങ്ങളില്ലാത്ത ഈ വാക്സിൻ സുരക്ഷിതമാണെന്ന് ചൊവ്വാഴ്ച മെഡിക്കൽ ജേണലായ ലാൻസെറ്റ് റിപ്പോർട്ട് ചെയ്തിരുന്നു.