റിയാദ് - യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ അല്‍ഉലയിലെ പുരാവസ്തുക്കള്‍ നശിപ്പിച്ചവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. അന്വേഷണം പൂര്‍ത്തിയാക്കി ഇവര്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും.
അല്‍ഉലയിലെ ചില പുരാവസ്തുക്കള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി അല്‍ഉല റോയല്‍ കമ്മീഷന് വിദഗ്ധരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തിയാണ് കുറ്റക്കാരില്‍ ചിലരെ തിരിച്ചറിഞ്ഞത്.
സംഭവത്തില്‍ പങ്കുള്ള ബാക്കിയുള്ളവരെ കൂടി അറസ്റ്റ് ചെയ്യുന്നതിന് ശ്രമം തുടരുകയാണ്. ഇവര്‍ക്കെതിരെ പുരാവസ്തു, പൈതൃക നിയമം അനുസരിച്ച ശിക്ഷാ നടപടികള്‍ സ്വീകരിക്കും. പുരാവസ്തുക്കള്‍ നശിപ്പിക്കുന്നവര്‍ക്ക് തടവും പിഴയും വിധിക്കുന്നതിന് നിയമം അനുശാസിക്കുന്നു. പുരാവസ്തുക്കള്‍ പൊതുമുതലാണ്. ഇവ നശിപ്പിക്കുകയോ കേടുവരുത്തുകയോ ചെയ്യുന്നവരെ കര്‍ക്കശമായി കൈകാര്യം ചെയ്യും. കുറ്റക്കാരെ അറസ്റ്റ് ചെയ്ത് ശിക്ഷ ബാധകമാക്കുന്നതിന് അവര്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും ബന്ധപ്പെട്ട വകുപ്പുകള്‍ വ്യക്തമാക്കി.