ഗുവാഹത്തി- അസമിൽ 2016 അസംബ്ലി തെരഞ്ഞെടുപ്പിൽ 78 സീറ്റ് നേടിയ കോൺഗ്രസ്സല്ല, മറിച്ച് 18 സീറ്റ് നേടിയ ആൾ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (AIUDF) ആണ് തങ്ങളുടെ മുഖ്യ എതിരാളിയെന്ന് പ്രഖ്യാപിച്ച് ബിജെപി. മൗലാന ബദ്റുദ്ദീൻ അജ്മൽ നേതൃത്വം നൽകുന്ന ഈ പാർട്ടിയെ മുൻനിർത്തി പ്രഖ്യാപിച്ച് വർഗീയമായ ചലനങ്ങളുണ്ടാക്കാനുള്ള ശ്രമം നേരത്തെ തന്നെ ബിജെപി തുടങ്ങിയിരുന്നു. യുവമോർച്ചാ നേതാവ് തേജസ്വി സൂര്യ ഈ പാർട്ടിയെ മുഗളന്മാർ എന്ന് വിശേഷിപ്പിച്ച് രംഗത്തെത്തിയിരുന്നു. ബദ്റുദ്ദീൻ അജ്മലിന്റെ കളിപ്പാവയാണ് കോൺഗ്രസെന്നും അജ്മലിന്റെ പാർട്ടിയെ അസമിൽ നിന്ന് തുടച്ചുനീക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു.
ഇത്തവണ തെരഞ്ഞെടുപ്പിൽ ബദ്റുദ്ദീൻ അജ്മൽ ഒരു നിർണായക ഘടകമായിരിക്കുമെന്ന് ബിജെപി നേതാവും അസം കാബിനറ്റ് മന്ത്രിയുമായ ഹിമന്ത ബിശ്വ ശർമ പറയുകയുണ്ടായി. അസംബ്ലി തെരഞ്ഞെടുപ്പിൽ അജ്മലിന്റെ പാർട്ടി കോൺഗ്രസുമായി സഖ്യത്തിലേർപ്പെട്ടിട്ടുണ്ട്. "ഈ തെരഞ്ഞെടുപ്പിൽ അജ്മൽ ഒരു നിർണായക ഘടകമാണ്. അദ്ദേഹം അസമിന്റെ സംസ്കാരത്തിനും പരിഷ്കൃതിക്കും ഒരു ഭീഷണിയാണ്," ശർമ പറഞ്ഞു.
എഐയുഡിഎഫ് പോലുള്ള പ്ലേഗുകളെ തടഞ്ഞു നിർത്താൻ അന്തരിച്ച തരുൺ ഗോഗോയ് പോലുള്ള നേതാക്കൾക്ക് സാധിച്ചിരുന്നെന്നും അത് ഇപ്പോഴത്തെ കോൺഗ്രസ് നേതൃത്വത്തിന് സാധിക്കുന്നില്ലെന്നും ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് ബൈജയന്ത് ജേ പാണ്ഡ പറഞ്ഞു. സ്വന്തം അതിജീവനത്തിനു വേണ്ടി സ്വത്വരാഷ്ട്രീയത്തിനു വേണ്ടി സംസാരിക്കുകയാണ് കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 27 മുതലാണ് വിവിധ ഘട്ടങ്ങളിലായുള്ള തെരഞ്ഞെടുപ്പ് അസമിൽ നടക്കുക.