മംഗളൂരു- കർണാടകയിലെ മംഗളൂരുവിൽ ദുർഗാവാഹിനി ഇടപെട്ട് മുസ്‌ലിം യുവാവുമായുള്ള 20 കാരിയായ ഹിന്ദു യുവതിയുടെ ബന്ധം വേർപെടുവിച്ചു. വിശ്വഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗമാണ് ദുർഗാ വാഹിനി.
യുവാവ് മയക്കുമരുന്ന് കച്ചവടക്കാരനാണെന്ന് ആരോപിച്ചാണ് ദുർഗാവാഹിനി യുവതിയെ സമ്മർദത്തിലാക്കിയതെന്ന് പറയുന്നു. ന്യൂസ് മിനുട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യുവാവിനെതിരെ മയക്കുമരുന്ന് കേസുള്ളതായി പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
യുവതിയുടേയും യുവാവിന്റേയും ഒരുമിച്ചുള്ള ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഘടന ഇടപെട്ടത്. ചിത്രം കണ്ട ദുർഗാ വാഹിനി പ്രവർത്തകർ യുവതിയുടെ മാതാപിതാക്കളെ തിരഞ്ഞു കണ്ടുപിടിച്ച് ബന്ധം വേർപെടുത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് യുവതിയെ കൗൺസലിംഗിന് വിധേയയാക്കി.
മയക്കുമരുന്ന് കേസിൽ പോലീസ് അന്വേഷിച്ചുവരുന്ന യുവാവാണെന്നാണ് യുവതിയുമായി ദുർഗാവാഹിനി നടത്തിയ കൗൺസലിംഗിൽ പറഞ്ഞത്. മയക്കുമരുന്ന് കടത്തിയതിന് യുവാവിനെ മംഗളൂരു സിറ്റി പോലീസ് ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ബോധ്യപ്പെടുത്തി. യുവതിയും മയക്കുമരുന്നിന് അടിമയാണെന്ന് ദുർഗാവാഹിനി പ്രവർത്തകർ മാതാപിതാക്കളോട് പറഞ്ഞു.
യുവാവ് മയക്കുമരുന്ന് കടത്തുകാരനായതിനാലാണ് യുവതിയും മയക്കുമരുന്നിന് അടിപ്പെട്ടതും കെണിയിൽപെട്ടതെന്നും ദുർഗാ വാഹിനി അംഗം അവകാശപ്പെട്ടു.
ദുർഗാവാഹിനി പ്രവർത്തകരോടൊപ്പമുള്ള യുവതിയുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ദുർഗാവാഹിനി അംഗങ്ങളാണ് തനിക്ക് ജീവിതം എന്താണെന്ന് കാണിച്ചു തന്നതെന്നും തനിക്ക് തെറ്റുപറ്റിയെന്നും ഹിന്ദു ധർമമാണ് വേണ്ടതെന്ന് ഇപ്പോൾ ബോധ്യപ്പെട്ടുവെന്നും യുവതി പറയുന്ന വീഡിയോയാണ് ന്യൂസ്9 ചാനൽ പുറത്തുവിട്ടത്.