Sorry, you need to enable JavaScript to visit this website.

സി.സി.ടി.വികള്‍ അരിച്ചുപെറുക്കി, മാസ്‌ക് കൊണ്ട് മുഖംമൂടിയ കള്ളനെ ഒടുവില്‍ പൊക്കി

കോട്ടയം- അയര്‍ക്കുന്നത്ത് വൃദ്ധയായ വീട്ടമ്മയുടെ മാലയും അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും ഉള്‍പ്പടെ ഇരുപത്തഞ്ചോളം പവന്‍   പട്ടാപ്പകല്‍ തോക്കുചൂണ്ടി കവര്‍ന്ന യുവാവിനെ പോലീസ് പിടികൂടി. ഒരു മാസത്തോളമായി നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ്  ഇയാള്‍ പിടിയിലാകുന്നത്.

കുമളി  വെള്ളാരംകുന്നു ഭാഗത്ത് പത്തുമുറി കല്യാട്ടുമഠം വീട്ടില്‍ ബാബുരാജ് നമ്പൂതിരി മകന്‍ ശ്രീരാജ് നമ്പൂതിരിയെയാണ് (27) പിടികൂടിയത്്. ഫെബ്രുവരി പത്തിനാണ് സംഭവം. അയര്‍ക്കുന്നത്ത്  വൃദ്ധദമ്പതികള്‍ മാത്രം താമസിക്കുന്ന വീട്ടില്‍  ഭര്‍ത്താവ് പുറത്തുപോയ സമയം നോക്കി വെള്ളം ചോദിച്ച് ഇയാള്‍ എത്തി. തുടര്‍ന്ന് വൃദ്ധയുടെ വായില്‍ തുണി കുത്തി കയറ്റി കയ്യും കാലും ബന്ധിച്ച് കഴുത്തില്‍ കിടന്നിരുന്ന  ആറു പവന്റെ മാല ഊരി എടുക്കുകയും   മറ്റൊരു മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പത്തൊന്‍പത് പവനോളം സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചു കടന്നുകളഞ്ഞു.

ഒറ്റപ്പെട്ട വീടായതിനാലും തികച്ചും ഗ്രാമപ്രദേശം ആയതിനാലും മോഷ്ടാവ് വാഹനങ്ങള്‍ ഒന്നും ഉപയോഗിച്ചിരുന്നില്ല എന്നതിനാലും, മോഷ്ടാവ് മുഖം മുഴുവന്‍ മറയ്ക്കുന്ന  രീതിയില്‍ വലിയ മാസ്‌ക് ഉപയോഗിച്ചിരുന്നതിനാലും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സി സി ടി വി  ഇല്ലാതിരുന്നതിനാലും ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല എന്നതിനാലും  മോഷ്ടാവിനെകുറിച്ച യാതൊരു സൂചനയും  ലഭ്യമായിരുന്നില്ല.  
    
സംഭവസ്ഥലത്ത്‌നിന്നു രണ്ടു കിലോമീറ്റര്‍ അകലെയുള്ള  സി സി ടി വി ദൃശ്യത്തില്‍ തുടങ്ങി സംശയം തോന്നിയ ഏകദേശം നാനൂറിലേറെ പേരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ മോഷ്ടാവ് കോട്ടയത്ത്‌നിന്ന് ബസില്‍ ആണ് അയര്‍ക്കുന്നത്ത് എത്തിയതെന്ന്  മനസ്സിലാക്കി. കോട്ടയം നഗരത്തിലെ നൂറിലേറെ സി.സി.ടി.വി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിക്കുകയും വിവിധ ലോഡ്ജുകളില്‍ താമസിച്ചിരുന്ന ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ചും അവരെ പിന്തുടര്‍ന്നും സംശയമുള്ള ആളുകളുടെ ഫോണ്‍ നമ്പരുകള്‍  കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചു വ്യക്തമായ ധാരണ ലഭിച്ചത്. തുടര്‍ന്ന് പ്രതിയെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍  ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ലോഡ്ജില്‍ നിന്നും  അയര്‍ക്കുന്നം പോലിസ് ഇന്‍സ്‌പെക്ടര്‍  ജസ്റ്റിന്‍ ജോണിന്റെ നേതൃത്വത്തില്‍ അറ്റസ്റ്റ് ചെയ്തത്.  

മോഷണ ശേഷം ധരിച്ചിരുന്ന ഷര്‍ട്ടും കയ്യുറയും ദമ്പതികളുടെ വീട്ടില്‍ നിന്നെടുത്ത  മൊബൈല്‍ ഫോണും ഇയാള്‍ വഴിയില്‍ ഉപേക്ഷിച്ചു.  വിവിധ കടകളിലായി മോഷ്ടിച്ച സ്വര്‍ണം ഇയാള്‍ വില്‍ക്കുകയും പണയം വെക്കുകയും ചെയ്തു. ആ പണം ഉപയോഗിച്ച് ഒരു സ്‌കോര്‍പിയോ കാര്‍ സ്വന്തമാക്കി. ഒരു മൊബൈല്‍ ഫോണും വാങ്ങി. തെളിവുകള്‍ ഒന്നും തനിക്കെതിരെ വരാതിരിക്കാനായി  വളരെ ശ്രദ്ധിച്ചാണ് ഇയാള്‍ കൃത്യം ചെയ്തതും പിന്നീട്, പഴനി, ചിദംബരം തക്കല തുടങ്ങിയ സ്ഥലങ്ങളില്‍  കറങ്ങി നടന്നതും.  

 

 

Latest News