കൊച്ചി- ഭൂപരിഷ്‌കരണ ചട്ടം ലംഘിച്ചിട്ടും പി.വി. അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. പി.വി. അന്‍വറിനെതിരെ നോട്ടീസ് അയക്കാനും ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നല്‍കിയ സത്യവാങ്മൂലം അനുസരിച്ച് പി.വി. അന്‍വറിന്റെയും കുടുംബത്തിന്റെയും കൈവശം ഏകദേശം 207 ഏക്കര്‍ ഭൂമി ഉണ്ട്. ഇത് ചൂണ്ടിക്കാണിച്ച് ഭൂരഹിതനായ മലപ്പുറം സ്വദേശി കെ.വി. ഷാജി ലാന്‍ഡ് ബോര്‍ഡിനെ സമീപിച്ചിരുന്നു. പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഭൂപരിഷ്‌കരണ നിയമം ലംഘിച്ചതിന് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാന്‍ ലാന്‍ഡ് ബോര്‍ഡ് താലൂക്ക് അധികൃതര്‍ക്കും റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിനും നിര്‍ദേശം നല്‍കിയിരുന്നു.
ഇതു സംബന്ധിച്ച് 2017ല്‍ ഒരു ഉത്തരവ് വന്നിട്ടും തുടര്‍ നടപടി ഉണ്ടായിരുന്നില്ല. എംഎല്‍എയുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സര്‍ക്കാര്‍ അദ്ദേഹത്തെ സഹായിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച് ഷാജി ഹൈക്കോടതി സമീപിച്ചു. ഈ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി വീശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.മൂന്നു വര്‍ഷമായിട്ടും എന്തുകൊണ്ടാണ് ഉത്തരവ് നടപ്പാക്കാത്തതെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടാണ് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി, ജില്ലാ കളക്ടര്‍ എന്നിവര്‍ അടക്കമുള്ളവര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ എന്തുകൊണ്ട് കഴിയുന്നില്ല എന്ന് വ്യക്തമാക്കാന്‍ സര്‍ക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ അടുത്ത മാസം ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും.