കൊച്ചി- തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍ മുന്‍മന്ത്രി കെ. ബാബുവിനെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവുമായി പ്രകടനം. പള്ളുരുത്തിയിലും തൃപ്പൂണിത്തുറയിലുമാണു വെള്ളിയാഴ്ച പ്രകടനങ്ങള്‍ നടന്നത്. നേരത്തെ സ്ഥാനാർഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
പള്ളുരുത്തിയില്‍ നടത്തിയ പ്രകടനത്തില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബേസില്‍ മൈലന്തറ, സെന്‍ട്രല്‍ മണ്ഡലം പ്രസിഡന്റ് എ.ജെ. ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു. കച്ചേരിപ്പടിയില്‍ നിന്ന് ആരംഭിച്ച പ്രകടനം പള്ളുരുത്തി വെളിയില്‍ സമാപിച്ചു.
തൃപ്പൂണിത്തുറയില്‍ സ്റ്റാച്യു ജംഗ്ഷനില്‍നിന്നു ആരംഭിച്ച പ്രകടനം വടക്കേക്കോട്ട വഴി ടൗണില്‍ തിരിച്ചെത്തി. കെ. ബാബുവിന് സീറ്റ് നല്കി തൃപ്പൂണിത്തുറ തിരിച്ചു പിടിക്കണമെന്നാവശ്യപ്പെട്ടുള്ള പോസ്റ്ററുകളും ടൗണില്‍ വ്യാപകമായി പതിച്ചിട്ടുണ്ട്.
ബാബുവിനെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച സേവ് കോണ്‍ഗ്രസിന്റെ പേരില്‍ പള്ളുരുത്തി, ഇടക്കൊച്ചി, പെരുമ്പടപ്പ് മേഖലകളില്‍ പോസ്റ്റര്‍ കണ്ടെത്തിയിരുന്നു. കെ. ബാബുവിനെ തൃപ്പൂണിത്തുറയ്ക്കു വേണ്ടേ വേണ്ടാ, എതിര്‍പ്പ് മറികടന്ന് മത്സരിപ്പിച്ചാല്‍ മറ്റു മണ്ഡലങ്ങളിലെ ജയത്തെ ബാധിക്കും എന്നു വ്യക്തമാക്കികൊണ്ടാണു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ഇതിനു പിന്നാലെയാണ് ഇവിടെ കെ.ബാബുവിന് അനുകൂലമായി പ്രകടനം നടന്നത്.