ന്യൂദല്‍ഹി- നാടുകടത്താനുള്ള നീക്കത്തിനെതിരെ ദല്‍ഹിയില്‍ യു.എന്‍ അഭയാര്‍ഥികള്‍ക്കായുള്ള ഹൈക്കമ്മീഷണര്‍ (യുഎന്‍എച്ച്‌സിആര്‍) ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച 88 റോഹിംഗ്യന്‍ അഭയാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു.
റോഹിംഗ്യകളെ തിരിച്ചയക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റില്‍നിന്ന് സംരക്ഷണം തേടി പ്രതിഷേധം സംഘടിപ്പിച്ചത്.
പത്ത് ലക്ഷത്തിലധികം റോഹിംഗ്യന്‍ മുസ്‌ലിംകളാണ് ജന്മനാടായ മ്യാന്‍മറില്‍ വര്‍ഷങ്ങളായി തുടരുന്ന പീഡനങ്ങളില്‍നിന്ന് രക്ഷ തേടി ഇതിനകം പലായനം ചെയ്ത്ത. 2017 ഓഗസ്റ്റില്‍ ആരംഭിച്ച സൈനിക ആക്രമണത്തെത്തുടര്‍ന്ന് പലായനം ശക്തിപ്പെടുകയായിരുന്നു. ഇവരില്‍ ഭൂരിഭാഗവും നിലവില്‍ ബംഗ്ലാദേശിലെ അഭയാര്‍ഥിക്യാമ്പുകളിലാണ്. 40,000 പേരെങ്കിലും ഇന്ത്യയിലെത്തിയെന്നാണ് കണക്ക്. 17,000 പേര്‍ യുഎന്‍എച്ച്‌സിആറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അഭയാര്‍ഥികളെ സംരക്ഷിക്കാനും അവരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്താനും വ്യവസ്ഥ ചെയ്യുന്ന 1951 ലെ അഭയാര്‍ത്ഥി ഉടമ്പടിയില്‍ ഇന്ത്യ ഒപ്പിട്ടിരുന്നില്ല.
കശ്മീരിലെ ജമ്മുവില്‍ ശനിയാഴ്ചയാണ് റോഹിംഗ്യകളുടെ അറസ്റ്റ് ആരംഭിച്ചത്. 200 പേരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് അയച്ചിട്ടുണ്ട്. ജമ്മുവില്‍നിന്ന് എത്തിയവരാണ് ദല്‍ഹി വികാസ്പുരി പ്രദേശത്തുള്ള യുഎന്‍എച്ച്‌സിആറിന് മുന്നില്‍ പ്രതിഷേധിച്ചത്.