ലോസാഞ്ചലസ്- മകള്‍ക്ക് അവിഹിത ഗര്‍ഭത്തിലുണ്ടായ കുഞ്ഞിനെ ബാത്ത് ടബിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ പഞ്ചാബി വനിതക്ക് അമേരിക്കയില്‍ ജീവപര്യന്തം ശിക്ഷ. ബിയാന്ത കൗര്‍ ധില്ലന്‍ (45) എന്ന വനിതക്കാണ് ശിക്ഷ. പരോള്‍ ലഭിക്കാതെ ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയാനാണു വിധി.
2018 നവംബര്‍ 12നായിരുന്നു കേസിനാസ്പദമായ സംഭവം. കൗമാര പ്രായമുള്ള മകള്‍ ഒരു ദിവസം കുളിമുറിയില്‍ കയറി ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചു വരാതിരുന്നതിനെ തുടര്‍ന്നു വാതില്‍ തുറന്നു നോക്കിയപ്പോള്‍ ബാത്ത് ടബില്‍ പ്രസവിച്ചു വീണ ആണ്‍കുഞ്ഞിനെയാണു മാതാവ് കാണുന്നത്. അപമാനഭാരം ഒഴിവാക്കാന്‍ കുട്ടിയെ ബാത്ത് ടബിലെ വെള്ളത്തില്‍ കുട്ടിയെ താഴ്ത്തി കൊല്ലുകയായിരുന്നു.
ഭര്‍ത്താവിന്റെയും മരിച്ച കുഞ്ഞിന്റെ പിതാവായ 23കാരന്റെയും സഹായത്താല്‍ വീടിനു പുറകില്‍ രണ്ടടി ആഴത്തില്‍ കുഴി എടുത്ത് അതില്‍ മറവു ചെയ്യുകയായിരുന്നു. മണം പുറത്തു വരാതിരിക്കാന്‍ കുഴിയില്‍ ഉപ്പ് നിറച്ചു. കാമുകനെ പിന്നീട് പിടികൂടിയെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു. പിതാവ് ആത്മഹത്യ ചെയ്തു.