ന്യൂദല്‍ഹി- ആഢംബര ബസ് നിര്‍മാണ കമ്പനിയായ സ്‌കാനിയയും ഇന്ത്യയിലെ പേരുവെളിപ്പെടുത്താത്ത ഒരു കമ്പനിയും തമ്മിലുള്ള ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് പ്രത്യേകമായി തയാറാക്കിയ ആഢംബര ബസ് സമ്മാനമായി ലഭിച്ചതായി സ്വീഡിഷ് മാധ്യമമായ എസ്‌വിടി റിപോര്‍ട്ട്. ഈ ഇടപാടിലുള്‍പ്പെട്ട ഇന്ത്യന്‍ കമ്പനിയുമായി ഗഡ്കരിയുടെ കുടുംബാംഗങ്ങള്‍ക്ക് അടുത്ത ബന്ധമുള്ളതായും സ്വീഡിഷ് മാധ്യമം പുറത്തുവിട്ട അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നു. ഉപകാരസ്മരണയെന്നോണമാണ് ഗഡ്കരിക്ക് സ്‌കാനിയ ബസ് സമ്മാനമായി നല്‍കിയതെന്നാണ് റിപോര്‍ട്ട്. അതേസമയം ഈ വാര്‍ത്ത ഗഡ്കരി നിഷേധിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഗതാഗതി മന്ത്രിക്ക് പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ആഢംബര ബസ് സമ്മാനമായി നല്‍കിയതു സംബന്ധിച്ച് സ്‌കാനിയയുടെ തന്നെ ഇന്റേണല്‍ ഓഡിറ്റര്‍ മാര്‍ക്ക് 2017 അവസാനത്തില്‍ സൂചനകള്‍ ലഭിച്ചിരുന്നു. ഈ വിവരം സ്‌കാനിയ കമ്പനിയുടെ ഉടമകളായ ജര്‍മന്‍ വാഹനനിര്‍മാതാക്കളായ ഫോക്‌സ്‌വാഗനും ബന്ധപ്പെട്ട വൃത്തങ്ങള്‍ കൈമാറിയിരുന്നതായി റിപോര്‍ട്ട് പറയുന്നു. ഇന്ത്യയില്‍ കൂടുതല്‍ അവസരങ്ങള്‍ തുറന്നു കിട്ടുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ സമ്മാനമെന്നും ഇവര്‍ പറയുന്നു. ജര്‍മന്‍ ചാനലായ സിഡിഎഫുമായി ചേര്‍ന്നാണ് സ്വീഡിഷ് മാധ്യമമായ എസ് വി ടി ഈ റിപോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്.
2016 അവസാനത്തിലാണ് ഈ ഇടപാട് നടന്നതെന്നാണ് റിപോര്‍ട്ട് പറയുന്നത്. ഒരു സ്വകാര്യ സ്‌കാനിയ ഡീലര്‍ വഴിയാണ് ആഢംബര ബസ് വിറ്റത്. ഇത് പിന്നീട് ഗഡ്കരിയുടെ മക്കള്‍ക്ക് ബന്ധമുള്ള കമ്പനിക്ക് ലഭിക്കുകയായിരുന്നു. ഗഡ്കരിയുടെ മകളുടെ വിവാഹത്തിന് ഉപയോഗിക്കാനായിരുന്നു ഉദ്ദേശമെന്നും റിപോര്‍ട്ട് പറയുന്നു. 2016ല്‍ നടന്ന മകളുടെ കല്യാണം വന്‍ ആഢംബരത്തിലായിരുന്നുവെന്ന മാധ്യമ റിപോര്‍ട്ടുകളും ചൂണ്ടിക്കാട്ടിയാണ് സംശയം ഉന്നയിക്കുന്നത്.
ഫോക്‌സ് വാഗന്റെ ഫിനാന്‍സ് കമ്പനി വഴിയാണ് സാമ്പത്തിക കൈമാറ്റം നടന്നത്. ഈ പണം സ്‌കാനിയ ഫോക്‌സ് വാഗന് തിരിച്ചു നല്‍കിയതായി സ്‌കാനിയ സിഇഒ സ്ഥിരീകരിച്ചിട്ടുണ്ടെന്നും എസ് വി ടി റിപോര്‍ട്ട് പറയുന്നു.
ഈ ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നും ദുരുദ്ദേശപരമാണെന്നും ഗഡ്കരിയുടെ ഓഫീസ് പ്രതികരിച്ചു. ഈ ഇടപാടുമായി ഗഡ്കരിക്കോ അദ്ദേഹത്തിന്റെ കുടുംബത്തിനോ ബന്ധമില്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.