കൊച്ചി- ഓഖി ചുഴലിക്കാറ്റിൽ ലക്ഷദ്വീപ് ഒറ്റപ്പെട്ടു. 135 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശുന്നത്. മിനിക്കോയ്, കവരത്തി, ആൻഡ്രോതത്, അഗത്തി, അമിനി, കടമത്, ബിത്ര, ചെത്‌ലത്ത് എന്നിവടങ്ങളിൽ മഴ തുടരുകയാണ്. കവരത്തിയിൽനിന്ന് അമിനി എന്ന ദ്വീപിലേക്ക് ഓഖി ചുഴലിക്കാറ്റ് ആഞ്ഞുവീശുന്നത്. കൽപേനിയിലെ ബോട്ടുജെട്ടി തകർന്നു. ദുരിതമേഖലകളിലുള്ളവരെ പഴയ കെട്ടിടങ്ങളിൽനിന്ന് കോൺക്രീറ്റ് കെട്ടിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ചുഴലിക്കാറ്റ് അതിതീവ്രഭാഗത്തിലേക്ക് മാറിയെന്നാണ് റിപ്പോർട്ട്. അതേസമയം, ഏതാനും സമയത്തിനുള്ളിൽ കെടുങ്കാറ്റിന് ശമനമുണ്ടാകുമെന്നാണ് റിപോർട്ട്.
രക്ഷാപ്രവർത്തനത്തിന് നാവികസേന കൂടുതൽ സൈനികരെ രംഗത്തിറക്കി. കൂടുതൽ സൈനികരും ലക്ഷദ്വീപിലേക്ക് വരുന്നുണ്ട്. കേരളത്തിൽ ആഞ്ഞടിച്ചതിനേക്കാൾ ശക്തിയിലാണ് ലക്ഷദ്വീപിൽ ഓഖി വീശുന്നത്. ഭക്ഷണസാധനങ്ങളുമായി വന്ന ഉരു കവരത്തിയിൽ മുങ്ങിയിരുന്നു. ഇതിലെ ആളുകളെ രക്ഷപ്പെടുത്തി.
ചെല്ലാനം, തോപ്പുംപടി, കൊച്ചി, മുനമ്പം ഹാർബറുകൾ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന മുഴുവൻ മത്സ്യബന്ധനയാനങ്ങളും സുരക്ഷിതരാണെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. ഈ യാനങ്ങളോ ഇതിൽ ജോലി ചെയ്യുന്ന തൊഴിലാളികളോ കാണാതായിട്ടില്ല. മറ്റ് സംസ്ഥാനങ്ങളിലോ ഹാർബറുകളിലോ രജിസ്റ്റർ ചെയ്ത യാനങ്ങൾ കൊച്ചിയ്ക്കു സമീപം അപകടത്തിൽ പെട്ടിട്ടുണ്ടോ എന്നറിയാൻ നാവികസേനയും മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റൽ പൊലീസും വ്യാപകമായി തെരച്ചിൽ നടത്തുന്നുണ്ടെന്നും കളക്ടർ വ്യക്തമാക്കി.
എറണാകുളം ജില്ലയിൽ രജിസ്റ്റർ ചെയ്ത് ഇവിടത്തെ ഹാർബറുകൾ കേന്ദ്രീകരിച്ച് എണ്ണൂറോളം ബോട്ടുകളാണ് മത്സ്യബന്ധനം നടത്തുന്നത്. ഈ ബോട്ടുകളോ മറ്റ് വള്ളങ്ങളോ കടൽക്ഷോഭത്തിൽ പെട്ടിട്ടില്ല. അതേസമയം ഗുജറാത്ത് മുതൽ തമിഴ്നാട് വരെയുള്ള തീരസംസ്ഥാനങ്ങളിലെ അറുന്നൂറോളം ബോട്ടുകൾ മത്സ്യബന്ധനത്തിന്റെ ഭാഗമായി കൊച്ചിയിൽ വന്നു പോകാറുണ്ട്. ഇവർക്കാർക്കെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമമാണ് നാവികസേനയും പൊലീസും മറൈൻ എൻഫോഴ്സ്മെന്റും നടത്തുന്നത്. ഇത്തരം സൂചനകളും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കളക്ടർ പറഞ്ഞു.