ന്യൂദൽഹി- നേമത്ത് മത്സരിക്കാൻ ഹൈക്കമാന്റിനോട് സന്നദ്ധത അറിയിച്ചുവെന്ന വാർത്തകളോട് പ്രതികരിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇതുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും സൂചനകളോട് പ്രതികരിക്കാനില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. നിങ്ങളൊരു വാർത്തയുണ്ടാക്കുയും പിന്നീട് എന്നോട് പ്രതികരണം ചോദിക്കുകയാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. നേമത്ത് ബി.ജെ.പിയെ നേരിടാൻ കരുത്തനായ സ്ഥാനാർത്ഥിയെ കോൺഗ്രസ് രംഗത്തിറക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു. ഈ പശ്ചാതലത്തിലാണ് നേമത്ത് ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റിൽ ഉമ്മൻ ചാണ്ടി തന്നെ മത്സരിക്കുമെന്ന പ്രചാരണമുണ്ടായത്. ദൽഹിയിൽ നടക്കുന്ന യോഗത്തിൽ ഉമ്മൻ ചാണ്ടിയും പങ്കെടുക്കുന്നുണ്ട്. നേമത്ത് മത്സരിക്കാൻ തയ്യാറാണെന്ന് ഉമ്മൻ ചാണ്ടി ഹൈക്കമാന്റിനെ അറിയിച്ചുവെന്ന് വാർത്ത പുറത്തുവന്ന ഉടൻ ഉമ്മൻ ചാണ്ടി യോഗം കഴിഞ്ഞ് പുറത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങളോട് ഉമ്മൻ ചാണ്ടി കാര്യമായി പ്രതികരിച്ചില്ല. യോഗത്തിൽ മാത്രമാണ് പങ്കെടുത്തതെന്നും മറ്റാരുമായും ചർച്ച നടത്തിയിട്ടില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. നേമത്ത് അടക്കം ശക്തരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കുമെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.