കൊച്ചി- സഭാ തര്‍ക്കവിഷയത്തില്‍ യാക്കോബായ സഭയെ ചേര്‍ത്തുപിടിക്കാന്‍ ബി.ജെ.പി. യു.ഡി.എഫും എല്‍.ഡി.എഫും കൃത്യമായ നിലപാടുകള്‍ എടുക്കാതിരിക്കുകയും നിരന്തരം അവഗണിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സഭയുടെ പുനര്ഡ വിചിന്തനം.
കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ മധ്യതിരുവിതാംകൂറില്‍ ഇടതുമുന്നണിക്ക് അപ്രതീക്ഷിത വിജയം സമ്മാനിച്ചതില്‍ സഭയുടെ പങ്ക് ചെറുതായിരുന്നില്ല. രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചുകൊണ്ടാണ് മണര്‍കാടും പുതുപ്പള്ളിയും പോലുള്ള യു.ഡി.എഫ് നെടുംകോട്ടകള്‍ എല്‍.ഡി.എഫിനോടൊപ്പം നിന്നത്. സഭാതര്‍ക്ക വിഷയത്തില്‍ നിയമനിര്‍മാണമെന്ന വാഗ്ദാനത്തില്‍നിന്നു എല്‍.ഡി.എഫ് പിന്നോട്ടുപോയതും തങ്ങളുടെ വോട്ടുബാങ്കായ ഓര്‍ത്തഡോക്സ് പക്ഷത്തെ പിണക്കാന്‍ യു.ഡി.എഫ് തയാറാകാത്തതുമാണ് മാറി ചിന്തിക്കാന്‍ സഭയെ പ്രേരിപ്പിക്കുന്നത്.
ഇതിന്റെ ഭാഗമായി പല ചര്‍ച്ചകളും നടന്നു കഴിഞ്ഞു. യാക്കോബായ സുറിയാനി സഭാ പ്രതിനിധികളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദല്‍ഹിയില്‍ ചര്‍ച്ച നടത്തുന്നുണ്ട്.
പള്ളികളില്‍ ഹിതപരിശോധന നടത്തി ഭൂരിപക്ഷത്തിനു ഭരണാവകാശം നിലനിര്‍ത്തി സഭാതര്‍ക്കം പരിഹരിച്ചുതരണമെന്നാണു സഭയുടെ ആവശ്യം. അതിനു സഹായിക്കുന്നവരെ പിന്തുണ്ക്കും. വ്യക്തമായ ഉറപ്പു ലഭിക്കാതെ തെരഞ്ഞെടുപ്പ് നിലപാട് സ്വീകരിക്കാനാവില്ലെന്നും അമിത്ഷായെ അറിയിക്കും. ഉറപ്പുലഭിച്ചാല്‍ ബി.ജെ.പി.യുമായി നീക്കുപോക്കുണ്ടാക്കാന്‍ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെയും വര്‍ക്കിങ് കമ്മിറ്റിയുടെയും അനുവാദമുണ്ടെന്നാണ് അറിയുന്നത്. കോട്ടയത്തെ എട്ട് സീറ്റുകളില്‍ യാക്കോബായ സഭക്ക് നിര്‍ണായക സ്വാധീനമുണ്ട്. ഇത്ിലാണ് ബി.ജെ.പിയുടെ നോട്ടം.