കൊല്‍ക്കത്ത- പത്രികാസമര്‍പ്പണത്തിനു നന്ദിഗ്രാമില്‍ പോയ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി ആക്രമിക്കപ്പെട്ടതിനു പിന്നാലെ ബിജെപിക്ക് മുന്നറിയിപ്പുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മമതയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി. ഇടതുകാലില്‍ പ്ലാസ്റ്ററിട്ട് മമത ആശുപത്രിയില്‍ കഴിയുന്ന ചിത്രവും പുറത്തു വന്നിട്ടുണ്ട്.'മേയ് രണ്ടിന് ബംഗാളിലെ ജനങ്ങളുടെ ശക്തി എന്താണറിയും, ഒരുങ്ങിക്കോളൂ ബിജെപീ..' എന്നായിരുന്നു അഭിഷേകിന്റെ ട്വീറ്റ്.
കൊല്‍ക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിലാണിപ്പോള്‍ മമത കഴിയുന്നത്. പരിക്കുണ്ടെന്നും 48 മണിക്കൂര്‍ നിരീക്ഷണം ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇടതു കാലില്‍ ക്ഷതമേറ്റിട്ടുണ്ട്. വലതു തോളിലും കൈയ്യിലും കഴുത്തിലും മുറിവുണ്ട്.
കഴിഞ്ഞ ദിവസം വൈകീട്ടാണ് മമത ആക്രമിക്കപ്പെട്ടത്. സുരക്ഷാ ജീവനക്കാര്‍ അടുത്തില്ലാത്ത സമയത്ത് നാലഞ്ചു പേര്‍ ചേര്‍ന്ന് കാറിലേക്ക് തള്ളുകയായിരുന്നു എന്നാണ് ആരോപണം. ഡോര്‍ വലിച്ചടപ്പോള്‍ കാലിനു പരിക്കേല്‍ക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്.