Sorry, you need to enable JavaScript to visit this website.

ബ്രസീലിൽ കോവിഡ് രണ്ടാം തരംഗത്തിന്റെ ഭീകര താണ്ഡവം; മാസങ്ങള്‍ക്കു ശേഷം പ്രസിഡന്റ് മാസ്ക്കിട്ടു

ബ്രസീലിയ- ബ്രസീലിൽ കോവിഡ് രോഗവ്യാപനത്തിന്റെ രണ്ടാംതരംഗം ഭീകരതാണ്ഡവമാടുന്നതായി റിപ്പോർട്ട്. ഏറ്റവുമൊടുവിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം മരണസംഖ്യ 24 മണിക്കൂറിൽ 2286 പേർ എന്ന നിലയിലാണ്. കഴിഞ്ഞ കുറെ നാളുകളായി മരണസംഖ്യ ഉയർന്ന നിലയിലാണ്. മിക്ക ബ്രസീലിയൻ പ്രദേശങ്ങളിലും ആരോഗ്യസംവിധാനങ്ങൾ താറുമാറായിരിക്കുകയാണ്. രോഗികളെ കൈകാര്യം ചെയ്യാൻ മിക്കയിടത്തും സംവിധാനങ്ങൾ പരാജയപ്പെടുകയാണ്. ഓരോദിവസവും മരണസംഖ്യ വർധിക്കുകയും ചെയ്യുന്നു. ഇക്കഴിഞ്ഞ റിപ്പോർട്ടിൽ രാജ്യത്തെ ഏറ്റവുമുയർന്ന മരണസംഖ്യയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ചൊവ്വാഴ്ചയിലെ റെക്കോർഡാണ് ഇതോടെ തകർക്കപ്പെട്ടത്. ചൊവ്വാഴ്ച സംഭവിച്ചത് 1,954 മരണങ്ങളാണ്.

ബ്രസീലിലെ ഇതുവരെയുള്ള കോവിഡ് മരണങ്ങളുടെ എണ്ണം 2,70,000 ആയി ഉയർന്നു. അതെസമയം മാസ്ക് ധരിക്കാതെയും മറ്റും കോവിഡിനോട് വഴിവെട്ട് നടത്തിവന്നിരുന്ന ബ്രസീൽ പ്രസിഡന്റ് ജയിർ ബോൾസൊനാരോ ഇപ്പോൾ കീഴടങ്ങിയിട്ടുണ്ട്. ബുധനാഴ്ച ഇദ്ദേഹം മാസ്ക് ധരിച്ച് ഒരു പരിപാടിയിൽ പങ്കെടുത്തു. മാസങ്ങൾക്കിടെ ഇതാദ്യമായാണ് ഈ തീവ്ര വലതുപക്ഷ നേതാവ് മാസ്ക് ധരിക്കുന്നത്.

കോവിഡിനെ നിയന്ത്രിക്കാൻ സാധിക്കാത്ത സർക്കാരിനെതിരെ പല കോണുകളിൽ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനെതിരെ കഴിഞ്ഞദിവസങ്ങളിൽ പ്രസിഡന്റ് രൂക്ഷമായി പ്രതികരിക്കുകയുമുണ്ടായി. കുറെക്കാലമായി തുടരുന്ന കരച്ചിലും പിഴിച്ചിലും നിർത്തണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. കോവിഡ് വാക്സിനേഷൻ പരിപാടിയും ബ്രസീലിൽ മന്ദഗതിയിലാണ് നീങ്ങുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.

Latest News