ദുബായ്- ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ന് യു.എ.ഇ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ അജണ്ടയും വെളിപ്പെടുത്തിയിട്ടില്ല. അബുദാബിയില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ശൈഖ് മുഹമ്മദും ഇസ്രായില്‍ പ്രസിഡന്റ് റ്യൂവന്‍ റിവ്ലിനും പരസ്പര സന്ദര്‍ശനത്തിനുള്ള ക്ഷണം നേരത്തെ കൈമാറിയിരുന്നു.
അമേരിക്കയുടെ മധ്യസ്ഥതയിലാണ് ഇസ്രായിലും യു.എ.ഇയും തമ്മിലുള്ള ബന്ധം സാധാരാണ നിലയിലാക്കുന്ന അബ്രഹാം കരാറില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 15-ന് ഒപ്പുവെച്ചത്.
വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കാനുള്ള പദ്ധതി ഉപേക്ഷിക്കാമെന്ന് ഇസ്രായില്‍ സമ്മതിച്ചതിനെ തുടര്‍ന്നാണ് യു.എ.ഇ ബന്ധം പുനസ്ഥാപിക്കാന്‍ സമ്മതിച്ചത്. ഡിസംബറില്‍ യു.എ.ഇയിലേക്ക് ഇസ്രായിലി ടൂറിസ്റ്റുകള്‍ക്ക് വിസ അനുവദിച്ചുതുടങ്ങി. ഉഭയകക്ഷി വ്യാപാരം ശക്തിപ്പെടുത്തുന്നതിന് റോഡ് മാര്‍ഗം കൂടി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇസ്രായില്‍.