Sorry, you need to enable JavaScript to visit this website.

മാർച്ച് 26ന് ഭാരത് ബന്ദ് നടത്തുമെന്ന് കർഷക സംഘടനകൾ

ന്യൂദൽഹി- വിവാദ കാർഷിക നിയമങ്ങൾക്കെതിരായ സമരം നാലു മാസം പൂർത്തിയാകുന്ന ഈ മാസം 26ന് ഇന്ത്യയിൽ ഭാരത് ബന്ദ് നടത്താൻ കർഷക സംഘടനകളുടെ ആഹ്വാനം. കിസാൻ മോർച്ചയാണ് ബന്ദിന് ആഹ്വാനം ചെയ്തത്.  മോഡി സർക്കാർ ഭരണത്തിൽ തുടരുന്ന മൂന്നര വർഷക്കാലത്തോളം സമരം തുടരുമെന്ന മുന്നറിയിപ്പുമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ്. സമരത്തെ എങ്ങനെയൊക്കെ അടിച്ചമർത്താൻ കേന്ദ്ര സർക്കാർ ശ്രമിച്ചാലും കീഴടങ്ങാതെ മുന്നോട്ടു പോകുമെന്നാണ് ഭാരതീയ കിസാൻ യൂണിയൻ സ്ഥാപകൻ മഹേന്ദ്ര സിംഗ് ടികായത്തിന്റെ മകനും നേതാക്കളായ രാകേഷ് ടികായത്തിന്റെയും നരേഷ് ടികായത്തിന്റെയും സഹോദരനുമായ നരേന്ദ്ര ടികായത് പറഞ്ഞത്. രണ്ട് സഹോദരൻമാരും സമരത്തിന്റെ മുൻനിരയിൽ നിന്നു നയിക്കുമ്പോഴും കുടുംബ വക കൃഷി നടത്തിപ്പുമായി കഴിഞ്ഞിരുന്ന നരേന്ദ്ര സിംഗും പ്രതിഷേധത്തിലേക്ക് സജീവമായി ഇറങ്ങുകയാണ്. 
    വിവിധ തന്ത്രങ്ങൾ ഉപയോഗിച്ച് മുൻപ് നടന്ന പ്രതിഷേധങ്ങളെയൊക്കെ അടിച്ചമർത്തിയ മാതൃകയിൽ കർഷക സമരത്തെയും അടിച്ചമർത്താം എന്നാണ് കേന്ദ്ര സർക്കാർ കണക്കു കൂട്ടുന്നത്. എന്നാൽ, സർക്കാരിന്റേത് പൂർണമായും തെറ്റിദ്ധാരണയാണ്. അവർ ഇതുവരെ ഇതുപോലൊരു പ്രതിഷേധത്തെ നേരിട്ടിട്ടില്ല. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ ഈ സമരം തുടരുക വരെ ചെയ്യും. മൂന്നര വർഷക്കാലം കൂടിയാണ് ഈ സർക്കാരിന്റെ കാലാവധി ബാക്കിയുള്ളത്. അതു വരെ സമരം തുടരാനുള്ള എല്ലാ കരുത്തും കർഷകർക്കുണ്ടെന്നും നരേന്ദ്ര ടിയാത് പറഞ്ഞു. ഭാഗിക ഉറപ്പുകൾ കൊണ്ടോ ഭാവിയിലേക്കുള്ള വാഗ്ദാനങ്ങൾ കണക്കിലെടുത്തോ കർഷകർ സമരം ഉപേക്ഷിക്കില്ല. ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കുന്നത് വരെ സമരം തുടരുക തന്നെ ചെയ്യുമെന്നും നരേന്ദ്ര ടികായത് പറഞ്ഞു. 
    കർഷക സമരത്തിൽ നിന്ന് ടികായത് കുടുംബം സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കുന്ന എന്ന ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് നരേന്ദ്ര ടികായത് പറഞ്ഞു. തങ്ങളുടെ കുടുംബത്തിൽ പെട്ട ആരെങ്കിലും ഒരാൾ തെറ്റു ചെയ്തതായി തെളിയിച്ചാൽ കർഷകപ്രക്ഷോഭത്തിൽ നിന്നുൾപ്പടെ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും ടികായത് കുടുംബത്തിലെ എല്ലാവരും പിൻമാറുമെന്നും നരേന്ദ്ര ടികായത് പറഞ്ഞു.
 

Latest News