ഐസ്വാൾ- പട്ടാള അട്ടിമറിക്കെതിരെ സമരം ചെയ്യുന്നവരെ ലക്ഷ്യമാക്കി മരണം ഉറപ്പാക്കുന്ന വിധത്തിൽ വെടി വെക്കാൻ തങ്ങളോട് ഉന്നത ഉദ്യോഗസ്ഥർ ഉത്തരവിട്ടെന്ന് മ്യാൻമറിൽ നിന്ന് അതിർത്തി കടന്നെത്തി ഇന്ത്യയിൽ അഭയം തേടിയ താ പെങ് എന്ന പൊലീസുകാരൻ. മ്യാൻമറിലെ ഒരു പട്ടണമായ ഖംപാതിൽ ഫെബ്രുവരി 27ന് നടന്ന സമരത്തിനിടെയാണ് സംഭവം. വെടിവെക്കാൻ താൻ വിസമ്മതിച്ചുവെന്നും പൊലീസുകാരൻ പറയുന്നു.
തൊട്ടടുത്ത ദിവസം തന്നെ മേലുദ്യോഗസ്ഥൻ വിളിപ്പിക്കുകയും വെടിവെക്കാൻ പറ്റുമോയെന്ന് ചോദിക്കുകയും ചെയ്തതായി താ പെങ് പറയുന്നു. അന്നും താൻ വിസമ്മതിക്കുകയും രാജി വെച്ചിറങ്ങുകയും ചെയ്തു. അൽജസീറയാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാർച്ച് 1ന് ഇദ്ദേഹം വീട് വിട്ടിറങ്ങി. കുടുംബത്തെ കൂടെ കൂട്ടിയില്ല. മൂന്നു ദിവസം രാത്രികാലങ്ങളിൽ മാത്രം യാത്ര ചെയ്ത് ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തി കടന്ന് ഇന്ത്യയിലേക്ക് പ്രവേശിച്ചു. തനിക്ക് മറ്റൊരു വഴിയുമുണ്ടായിരുന്നില്ലെന്ന് താ പെങ് ചൂണ്ടിക്കാട്ടുന്നു. തന്റെ പേര് മുഴുവനായി മാധ്യമപ്രവർത്തകരോട് പറയാൻ താ പെങ് വിസമ്മതിച്ചു. സുരക്ഷാഭീതി കൊണ്ടാണ് അദ്ദേഹം പേര് വെളിപ്പെടുത്താതിരുന്നത്. താ പെങ്ങിനൊപ്പം വേറെയും ആറ് പൊലീസുകാരുണ്ട്. സമരക്കാർക്കെതിരെ നടപടിയെടുക്കാൻ വിസമ്മതം പ്രകടിപ്പിച്ച് ഓടിപ്പോരേണ്ടി വന്നവരാണ് ഇവരും. തങ്ങളോടും വെടിവെക്കാൻ ആവശ്യപ്പെട്ടുവെന്നും വിസമ്മതിക്കുകയായിരുന്നെന്നും പൊലീസുകാർ പറയുന്നു.
അതെസമയം മ്യാൻമറിൽ നടക്കുന്ന വൻ പട്ടാള അതിക്രമങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സമരം നയിക്കുന്നവരിലൊരാളായ യു ജർമാലിനെ പട്ടാളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീട്ടിൽ നിന്നും വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. പട്ടാള അട്ടിമറിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇപ്പോഴും വ്യക്തമായിട്ടില്ല.