ന്യൂദൽഹി- കഴിഞ്ഞ 18 മാസത്തിനിടയിൽ ഇന്ത്യയിൽ 3,17,439 സൈബർ കുറ്റകൃത്യങ്ങൾ നടന്നതായി കേന്ദ്ര സർക്കാർ. 5,771 എഫ്ഐആറുകൾ ഇതിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ഈ കുറ്റകൃത്യങ്ങളിൽ വലിയൊരു പങ്കും നടക്കുന്നത് മഹാരാഷ്ട്രയിലും കർണാടകത്തിലുമാണ്. ചൊവ്വാഴ്ച ലോക്സഭയിലാണ് സർക്കാർ ഈ കണക്കുകൾ വെളിപ്പെടുത്തിയത്.
2019 ഓഗസ്റ്റ് മാസം മുതൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ പ്രവർത്തിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഢി വ്യക്തമാകകി. ഇതിലൂടെ എല്ലാത്തരം സൈബർ കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്യാനാകും. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് ഈ പോർട്ടൽ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
മഹാരാഷ്ട്രയിൽ സൈബർ കുറ്റകൃത്യങ്ങൾ കൂടി വരികയാണ്. 21,562 സൈബർ ക്രൈമുകൾ ഈ കാലയളവിൽ സംസ്ഥാനത്ത് നടന്നു. 87 എഫ്ഐആറുകളാണ് ആകെ ഫയൽ ചെയ്തത്. 50,806 സൈബർ കുറ്റകൃത്യങ്ങളോടെ കർണാടകം മുമ്പിൽ നിൽക്കുന്നു. 534 എഫ്ഐ ആറുകൾ ഇതിനകം ഫയൽ ചെയ്യപ്പെട്ടു.
കേന്ദ്രത്തിന്റെ പോർട്ടലിൽ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടാൽ പിന്നീടുള്ള കാര്യങ്ങൾ സംസ്ഥാനങ്ങളുടെ നിയമനിർവ്വഹണ സംവിധാനങ്ങളാണ് ചെയ്യുകയെന്ന് മന്ത്രി ലോക്സഭയെ അറിയിച്ചു. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുമായി ആഭ്യന്തരമന്ത്രാലയം നിരന്തരബന്ധം സൂക്ഷിക്കുന്നുണ്ടെന്നും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.