മോഡിക്കും മന്‍മോഹനും ഒബാമയുടെ പ്രശംസ; പരിപ്പ് കറിക്കും 

ന്യൂദല്‍ഹി- പരിപ്പ് കറിയുടെ ചേരുവ അറിയുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റായിരിക്കും താനെന്ന് ബരാക് ഒബാമ. ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച ലീഡര്‍ഷിപ്പ് സമ്മിറ്റിലാണ് ഇന്ത്യന്‍ വിഭവമായ പരിപ്പ് കറിയെ കുറിച്ചും ചപ്പാത്തിയെ കുറിച്ചും ഒബാമ പരാമര്‍ശിച്ചത്. പ്രസിഡന്റ് പദവി ഒഴിഞ്ഞ ശേഷം ആദ്യമായാണ് ഒബാമ ഇന്ത്യയിലെത്തിയത്.
കോളേജ് പഠനകാലത്ത് തന്റെ കൂടെ താമസിച്ചിരുന്ന ഇന്ത്യന്‍ സുഹൃത്തിന്റെ പക്കല്‍ നിന്നാണ് താന്‍ ദാല്‍ ചേരുവ പഠിച്ചതെന്ന് ഒബാമ പറഞ്ഞു. കഴിഞ്ഞ രാത്രി താമസസ്ഥലത്ത് വെച്ച് ഭക്ഷണത്തിനൊപ്പം തനിക്ക് ദാല്‍ വിളമ്പിയിരുന്നു. ദാല്‍ ഉണ്ടാക്കുന്നില്ലെങ്കിലും തനിക്ക് ചേരുവ അറിയാം. 
ചപ്പാത്തി ഉണ്ടാക്കാനറിയുമോ എന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറിന്റെ ചോദ്യത്തിന് താനുണ്ടാക്കുന്ന ചപ്പാത്തികള്‍ നല്ലതല്ലെന്നായിരുന്നു ഒബാമയുടെ മറുപടി. ഇന്ത്യ-യുഎസ് സഹകരണം വര്‍ധിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു സമ്മിറ്റില്‍ ഒബാമയുടെ പ്രസംഗം ഇന്ത്യയും അമേരിക്കയും ഒരുമിച്ച് നിന്നാല്‍ പരിഹരിക്കാന്‍ പറ്റാത്ത ഒരു പ്രശ്‌നവും ഇല്ലെന്ന് ഒബാമ അഭിപ്രായപ്പെട്ടു. നരേന്ദ്ര മോഡിയെ തനിക്കിഷ്ടമാണ്. രാജ്യത്തെക്കുറിച്ച് ശരിയായ വീക്ഷണമുള്ള നേതാവാണ് അദ്ദേഹം. പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കുന്നതിന് ഇന്ത്യക്കും അമേരിക്കക്കും ഒരുമച്ചു ചേര്‍ന്ന് നിരവധി കാര്യങ്ങള്‍ ചെയ്യാനാവുമെന്നും ഒബാമ പറഞ്ഞു.

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗുമായും തനിക്ക് അടുത്ത സൗഹൃദമാണുണ്ടായിരുന്നത്. ആധുനിക ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് അടിത്തറ പാകിയത് മന്‍മോഹന്‍ സിംഗ് ആണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയുടെ സ്ഥാനം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ഒബാമ. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. 

Latest News