Sorry, you need to enable JavaScript to visit this website.

സ്ത്രീകളിൽ മൂന്നിലൊരാൾ ലൈംഗികമായി ആക്രമിക്കപ്പെടുന്നു- ലോകാരോഗ്യ സംഘടന

ന്യൂയോർക്ക്-  ലോകത്ത് സ്ത്രീകളിൽ മൂന്നിലൊരാൾ ശാരീരികമോ ലൈംഗികമോ ആയ ആക്രമണങ്ങളളെ നേരിട്ടിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ ആരോഗ്യവിഭാഗമായ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (ലാകാരോഗ്യ സംഘടന). ഒരു പഠനത്തിലൂടെയാണ് ഈ സുപ്രധാന കണ്ടെത്തൽ പുറത്തുവന്നിരിക്കുന്നത്.

15 വയസ്സിനും 49 വയസ്സിനുമിടയിൽ ഏറ്റമടുത്ത പങ്കാളിയിൽ നിന്ന് സ്ത്രീകൾ നേരിടുന്ന ആക്രമണങ്ങളുടെ കാര്യത്തിൽ ഏറ്റവും മുമ്പിൽ നിൽക്കുന്നത് ഓഷ്യാനിയ മേഖലയാണ്. ഓസ്ട്രേലിയ, ന്യൂസിലൻഡ്, ന്യൂ‍ഗിനിയ എന്നീ സ്ഥലങ്ങളെയും ശാന്തമഹാസമുദ്രത്തിലും സമീപത്തുമായി സ്ഥിതിചെയ്യുന്ന ദ്വീപുകളേയും ചേർത്താണു ഓഷ്യാനിയ എന്ന് വിളിച്ചുവരുന്നത്. ഈ മേഖലയിൽ ഈ പ്രായത്തിലുള്ളവരിൽ 51 ശതമാനം പേർക്കും ഇത്തരത്തിലുള്ള ആക്രമണം നേരിടുന്നുണ്ട്. ഇക്കാര്യത്തിൽ രണ്ടാമത് വരുന്നത് ദക്ഷിണേഷ്യയാണ്. ഇവിടെ ഏറ്റവും വലിയ പ്രദേശം ഇന്ത്യയുമാണ്. ഇവിടങ്ങളിൽ 35 ശതമാനം സ്ത്രീകളും ഇത്തരത്തിൽ ആക്രമിക്കപ്പെടുന്നുണ്ട്. 

കോവിഡ് കാലത്തെ അതിക്രമങ്ങളെക്കുറിച്ച് സ്ഥൂലമായ ചില നിരീക്ഷണങ്ങൾ പഠനം നടത്തുന്നുമുണ്ട്. സർക്കാരുകളും സംഘടനകളും വ്യക്തികളുമെല്ലാം സ്ത്രീകൾ നേരിടുന്ന ഈ അടിയന്തിര പ്രശ്നങ്ങളെ പരിഹരിക്കാൻ മുന്നിട്ടിറങ്ങണമെന്ന് ഡെബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ തെദ്രോസ് അഥനോം ഗെബ്രിയോസിസ് പറയുന്നു.

സ്ത്രീകൾക്കെതിരായ അതിക്രമണങ്ങളെ സംബന്ധിച്ച് ഇന്നുവരെ നടന്നിട്ടുള്ളതിൽ വെച്ചേറ്റവും വലിയ പഠനമെന്നാണ് കഴിഞ്ഞദിവസം പുറത്തുവിട്ട പഠനപ്രബന്ധത്തെ ഡബ്ല്യുഎച്ച്ഒ വിശേഷിപ്പിക്കുന്നത്. 2010 മുതൽ 2018 വരെയുള്ള കാലയളവാണ് പഠനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇക്കാരണത്താൽ തന്നെ കോവിഡ് കാലത്ത് സ്ത്രീകൾ നേരിട്ടിരിക്കാനിടയുള്ള വലിയ അതിക്രമങ്ങൾ ഈ പഠനത്തിന്റെ ഭാഗമായിട്ടില്ല. 
 

Latest News