കണ്ണൂർ - വാളയാർ പെൺകുട്ടികളുടെ അമ്മ നീതി തേടി മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ. പെൺകുട്ടികൾക്ക് നീതി തേടി നടത്തുന്ന യാത്രയ്ക്കിടയിലാണ് അമ്മയുമച്ഛനും മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് എത്തിയത്. ധർമ്മടത്തെ സഹോദരിമാരോടും സഹോദരന്മാരോടും വാളയാറിലെ അമ്മ പറയുന്നു എന്ന ലഘുലേഖയും മണ്ഡലത്തിൽ വിതരണം ചെയ്തു.
ഇനി ഒരു അമ്മയ്ക്കും ഈ ഗതിയുണ്ടാവരുതെന്ന് വാളയാറിലെ അമ്മ കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സ്വന്തം മക്കൾക്ക് നീതി തേടി തെരുവോരങ്ങളിൽ കുടിൽ കെട്ടി സത്യാഗ്രഹം നടത്തേണ്ട അവസ്ഥ ഇനിയാർക്കും ഉണ്ടാവരുത്. മുഖ്യമന്ത്രിയുടെ കാൽ പിടിച്ച് നീതിക്കായി കേണു. നീതി ലഭിക്കുമെന്നും കുറ്റവാളികൾക്ക് തക്ക ശിക്ഷ നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. എന്നാൽ പീഡന - കൊലപാതക കേസുകൾ അട്ടിമറിക്കാൻ നേതൃത്വം നൽകിയ പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥാനകയറ്റം നൽകുകയാണ് സർക്കാർ ചെയ്തത്. ഇത് എന്നിലുണ്ടാക്കിയ മാനസികാഘാതം വളരെ വലുതായിരുന്നു. എൻ്റെ മക്കൾ മരിച്ച അതേ സ്ഥലത്ത് കെട്ടിത്തൂങ്ങി ജീവനൊടുക്കിയാലോ എന്നു പോലും ചിന്തിച്ചു.
എഴുതാനും വായിക്കാനും അറിയാത്തതിനാലാണ് ഞങ്ങളെ ഭരണകൂടവും സമൂഹവും പോലീസും എല്ലാം പറ്റിച്ചത്. ഏത് ഭരണകൂടം വന്നാലും എൻ്റെ മക്കൾക്ക് നൽകാനാവാത്ത നീതി എങ്ങിനെയാണ് മറ്റു മക്കൾക്ക് നൽകാനാവുക? ഓരോ ആൾക്കൂട്ടം കാണുമ്പോഴും ഞാൻ ശ്രദ്ധയോടെ നോക്കും. അതിൽ എവിടെയെങ്കിലും എൻ്റെ മക്കൾ ഉണ്ടോ എന്ന്. മക്കൾക്ക് നീതി തേടി തെരുവിൽ അലയേണ്ട അവസ്ഥ ഇനി ഒരമ്മയ്ക്കും ഉണ്ടാവരുത്. ധർമ്മത്തെ അമ്മമാരും സഹോദരിമാരും മുഖ്യമന്ത്രിയോട് ചോദിക്കണം ഞങ്ങളുടെ മക്കൾക്ക് നീതി നൽകിയോ എന്ന്. കേരളത്തിലെ എല്ലാ അമ്മമാരും ചോദ്യം ഉയർത്തണം. - വാളയാറിലെ അമ്മ പറഞ്ഞു.
ചാക്കോയേയും സോജനേയും പോലെ മൃഗതുല്യരായ പോലീസുകാർ ഇനി സേനയിൽ ഉണ്ടാകരുതെന്ന് വാളയാർ പെൺകുട്ടികളുടെ അച്ഛൻ പറഞ്ഞു. ഈ കേസിൻ്റെ അന്വേഷണം നടക്കുന്ന സമയത്ത് അന്വേഷണ ഉദ്യോഗസ്ഥൻ സോജൻ, എന്നെ ഓഫീസിലേക്ക് വിളിപ്പിച്ച്, ഈ കേസിൻ്റ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടു. കേരളത്തിൽ പലയിടത്തും ഇത്തരത്തിലുള്ള സംഭവങ്ങൾ നടക്കുന്നുണ്ടെന്നും, കേസിൽ നിന്നും രക്ഷപ്പെടുത്തുമെന്നും സോജൻ പറഞ്ഞു. മാനസികമായി തകർന്ന ഞാൻ വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ചു.ഭാര്യ കണ്ടതിനാൽ മാത്രമാണ് രക്ഷപ്പെട്ടത്.
വാളയാർ കേസ് അന്വേഷണം സി.ബി.ഐയ്ക്ക് വിട്ട ഉത്തരവിൽ തന്നെ അവ്യക്തതയുണ്ടെന്ന് സാമൂഹ്യ പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ പറഞ്ഞു. ഒരു പെൺകുട്ടിയുടെ മരണത്തെക്കുറിച്ച് മാത്രമാണ് ഉത്തരവിൽ പരാമർശിച്ചത്. യഥാർഥത്തിൽ രണ്ടാമത്തെ പെൺകുട്ടിയുടെ കൊലപാതകത്തോടെയാണ് ഈ സംഭവം പുറം ലോകം അറിഞ്ഞത്. ക്ലറിക്കൽ എറർ എന്നാണ് ഉത്തരവിലെ തെറ്റിനെക്കുറിച്ച് അധികാരികൾ പറയുന്നത്. ഏത് അന്വേഷണമായാലും കോടതിയുടെ മേൽനോട്ടത്തിൽ തന്നെ വേണം അന്വേഷണം നടക്കാൻ. കോടതി മേൽനോട്ടത്തിൽ അന്വേഷണം നടന്നാൽ മാത്രമേ യഥാർഥ വസ്തുതകൾ പുറത്തു വരൂ. വാളയാർ പോലീസ് സ്റ്റേഷനിൽ അതിർത്തിയിൽ കഴിഞ്ഞ 5 വർഷത്തിനിടെ 41 പോക്സോ കേസുകളുണ്ടായിട്ടുണ്ട്. ഇതിൽ 12 എണ്ണത്തിൻ്റെ വിചാരണ കഴിഞ്ഞു. ഒരു കേസിൽ പോലും പ്രതികൾ ശിക്ഷിക്കപ്പെട്ടില്ല. എല്ലാ കേസുകളിലും പ്രതികളെ വെറുതെ വിട്ടു. വാളയാർ കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ടിട്ടുണ്ടെന്ന് കേരള ഹൈക്കോടതി തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്ക് ഉന്നത പദവി നൽകുകയാണ് ചെയ്തത്. കുട്ടികൾക്ക് നീതി ലഭിക്കുന്നതിനൊപ്പം ഈ ഉദ്യോഗസ്ഥർക്ക് ശിക്ഷ ഉറപ്പു വരുത്തുകയും വേണമെന്നാണ് ആവശ്യം. - നീലകണ്ഠൻ പറഞ്ഞു.
വാളയാറിലെ ഈ ദുരന്തം രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഒരിക്കലും ഉപയോഗിക്കുന്നില്ലെന്നും, എന്നാൽ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ നൽകാൻ കഴിയില്ലെങ്കിൽ എന്തിനാണ് നമുക്ക് ഭരണം - വാളയാറിലെ അമ്മ ചോദിക്കുന്നത് സമൂഹ മനസാക്ഷിയുടെ മുഖത്തു നോക്കിയാണ്.