കണ്ണൂര്‍ - സ്വന്തം ചരമ വാര്‍ത്തയും ചരമ പരസ്യവും പ്രമുഖ പത്രങ്ങളില്‍ നല്‍കി അപ്രത്യക്ഷനായ വൃദ്ധനെ കുറിച്ച് വിവരമില്ല. തളിപ്പറമ്പ് കുറ്റിക്കോലില്‍ താമസിക്കുന്ന ജോസഫ് മേലുകുന്നേലാണ് (75) വ്യാഴാഴ്ച രാവിലെ പയ്യന്നൂരിലെ ലോഡ്ജ് മുറിയില്‍നിന്ന് അപ്രത്യക്ഷനായത്.
ജോസഫ് ഇക്കഴിഞ്ഞ 26 നാണ് പയ്യന്നൂരിലെ ലോഡ്ജില്‍ മുറിയെടുത്തത്. ഒരു വിവാഹ ആവശ്യത്തിനെത്തിയതാണെന്നാണ് അറിയിച്ചിരുന്നത്. എം.എം.ജോസഫ്, മേലുകുന്നേല്‍, കടുത്തുരുത്തി പി.ഒ, കോട്ടയം എന്ന വിലാസമാണ് നല്‍കിയിരുന്നത്. ഫോണ്‍ നമ്പറും നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയോടെ പയ്യന്നൂരിലെ വിവിധ പത്ര ഓഫീസുകളില്‍ ചെന്ന് സ്വന്തം ചരമ വാര്‍ത്തയും ഫോട്ടോ അടങ്ങുന്ന ചരമപരസ്യവും നല്‍കി. മരിച്ചത് തന്റെ ബന്ധുവാണെന്നു പറഞ്ഞാണ് പരസ്യം നല്‍കിയത്. ജോസഫ് മേലുകുന്നേല്‍ എന്ന പേരും പറഞ്ഞു. അടുത്ത ബന്ധുവായതിനാല്‍ ഫോട്ടോയിലെ രൂപ ശാദൃശ്യം ശ്രദ്ധിച്ചില്ല. 1943 ല്‍ ജനിച്ചതു മുതല്‍ റബ്ബര്‍ കൃഷിയില്‍ ആകൃഷ്ടനായതും 1960 ല്‍ മലബാറിലേക്കു കുടിയേറിയതും, തടിക്കടവ്, വായാട്ടു പറമ്പ് കേളകം മേഖലകളില്‍ തോട്ടം നിര്‍മ്മിച്ചതും, മികച്ച കര്‍ഷകനുള്ള കര്‍ഷകശ്രീ പുരസ്‌കാരം ലഭിച്ചതുമെല്ലാം പരസ്യത്തില്‍ വിശദമായി പറഞ്ഞിരുന്നു. ഭാര്യ, മക്കള്‍ മരുമക്കള്‍, കൊച്ചു മക്കള്‍, പേരക്കുട്ടികള്‍ എന്നിവരടക്കമുള്ളവരുടെ പേരു വിവരങ്ങളും നല്‍കിയിരുന്നു. സംസ്‌കാര ശുശ്രൂഷ വെള്ളിയാഴ്ച തിരുവനന്തപുരത്തുള്ള മകന്‍ ഷാജുവിന്റെ വീട്ടില്‍ നടക്കുമെന്നും വാര്‍ത്തയിലും പരസ്യത്തിലും വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച രാവിലെ മുറി ഒഴിയുമെന്ന് ഹോട്ടലില്‍ തലേന്നു തന്നെ അറിയിച്ചിരുന്നു.
കോട്ടയത്ത് ഒരു ബന്ധു മരിച്ചിട്ടുണ്ടെന്നും അതിനാല്‍ പെട്ടെന്നു പോകണമെന്നും പറഞ്ഞിരുന്നു. രാവിലെ ചരമ വാര്‍ത്തയു പരസ്യവും പത്രത്തില്‍ അടിച്ചു വന്നതിനു ശേഷമാണ് ഇദ്ദേഹം മുറി വിട്ടത്. പിന്നീട് ഈ പത്ര പരസ്യം കാണാനിടയായ ലോഡ്ജ് ജീവനക്കാര്‍ പയ്യന്നൂര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് ഫോണ്‍ കേന്ദ്രീകരിച്ചു പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ചരമപരസ്യം നല്‍കിയ ശേഷം ജീവനൊടുക്കാനായിരുന്നോ പദ്ധതിയെന്നാണ് സംശയിക്കുന്നത്. തിരുവനന്തപുര ആര്‍.സി.സിയില്‍ ചികിത്സയില്‍ കഴിയവേ ഹൃദ്രോഗത്തെത്തുടര്‍ന്നു മരിച്ചുവെന്നു നല്‍കിയതും, മകന്റെ വീട്ടില്‍ സംസ്‌കാര ശുശ്രൂഷ നടക്കുമെന്നു പരഞ്ഞതും ഇതിന്റെ സൂചനയായാണ് കതുരുന്നത്. നേരത്തെ തളിപ്പറമ്പ് തൃച്ചംബരം റോഡിലെ വീട്ടില്‍ താമസിച്ചിരുന്ന ജോസഫ്, എട്ടു വര്‍ഷമായി കുറ്റിക്കോല്‍ വായനശാലക്കു സമീപത്തെ വീട്ടിലാണ് താമസം.